ബാര്‍ കോഴ: കെ. ബാബുവിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവ്; മന്ത്രി രാജിക്ക്

തൃശൂര്‍: ബാര്‍ കോഴ കേസില്‍ മന്ത്രി കെ.ബാബുവിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവ്. കോടതിയുടെ മേല്‍നോട്ടത്തിലായിരിക്കണം അന്വേഷണം. വിജിലന്‍സിനെതിരെ അതിരൂക്ഷമായ വിമര്‍ശനവും കോടതി ഉന്നയിച്ചു. ബാബുവിനെതിരായ പരാതിയില്‍ ത്വരിത പരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു മാസം സാവകാശം അനുവദിക്കണമെന്ന വിജിലന്‍സിന്റെ വാദം കേള്‍ക്കുന്നതിനിടെയാണ് വിജിലന്‍സിന് കോടതിയുടെ വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്നത്. കോടതിക്ക് വേണ്ട ബുഹമാനം വിജിലന്‍സ് നല്‍കുന്നില്ലെന്നും ജഡ്ജി നിരീക്ഷിച്ചു. മന്ത്രിക്കെതിരെ പൊതുപ്രവര്‍ത്തകനായ ജോര്‍ജ് വട്ടുകുളമാണ് പരാതി നല്‍കിയത്. ത്വരിത പരിശോധന നീളുന്നത് അന്വേഷണം അട്ടിമറിക്കാന്‍ ഇടയാക്കുമെന്ന് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കോടതിയുടെ രൂക്ഷവിമര്‍ശനമുണ്ടായതോടെ, ബാബുവിന്റെ രാജിക്കായി സമ്മര്‍ദ്ദം ശക്തമായി. യു.ഡി.എഫില്‍ നിന്ന് കേരള കോണ്‍ഗ്രസും ആവശ്യവുമായി രംഗത്തെത്തി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി. അധ്യക്ഷന്‍ വി.എം. സുധീരന്‍ തുടങ്ങിയവര്‍ വിഷയത്തില്‍ കൂടിയാലോചന നടത്തിക്കഴിഞ്ഞു. മന്ത്രി രാജിവയ്ക്കുമെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മന്ത്രി സ്ഥാനം രാജി വയ്ക്കാന്‍ തയ്യാറാണെന്ന്  കെ ബാബു കെപിസിസി നേതൃത്വത്തെ അറിയിച്ചു. കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് തീരുമാനം. മുഖ്യമന്ത്രി തീരുമാനമെടുക്കട്ടെ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. എറണാകുളം ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച.  എഫ്‌ഐആര്‍ രജിസറ്റര്‍ ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ രാജിവയ്ക്കുമെന്ന് സഹപ്രവര്‍ത്തകരെ നേരത്തെ തന്നെ  അറിയിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതുസംബന്ധിച്ച പ്രഖ്യാപനം ഇന്നുതന്നെയുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!