തെരഞ്ഞെടുപ്പ് ചൂടിൽ സാധാരണക്കാരന് ഉഗ്രൻ പ്രഹരം

നിത്യോപയോഗ സാധനവിലയ്ക്ക് റോക്കറ്റ് വേഗം

price hikeതിരുവനന്തപുരം: രാഷ്ട്രീയക്കാർ വോട്ടുപിടിക്കാനുള്ള നെട്ടോട്ടത്തിൽ, ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് ഒരുക്കത്തിൽ, അവസരം മുതലെടുത്ത് പൂഴ്ത്തിവയ്പ്പുക്കാരും കരിഞ്ചന്തക്കാരും നാടു വാഴുമ്പോൾ സാധാരണക്കാരന് വിലക്കയറ്റത്തിന്റെ ഉഗ്രൻ പ്രഹരം.

ദേശീയ രാഷ്ട്രീയത്തിൽ വോട്ടുനേടാൻ പരീക്ഷിക്കുന്ന പൂഴ്ത്തിവയ്പ്പിന്റെ പതിവ് ശൈലിയുടെ അലയൊലികളാണ് ഇപ്പോൾ കേരളത്തിൽ. അതിന്റെ മറപിടിച്ചും അല്ലാതെയും കിട്ടിയ അവസരം മുതലെടുത്ത് സാധാരണക്കാരന്റെ നടുവൊടിക്കുകയാണ്.

പയറു വർഗങ്ങൾക്കാണ് കേരളത്തിൽ വില കുതിച്ചുയരുന്നത്. ഒരാഴ്ച മുമ്പ് 60 രൂപയ്ക്കു ലഭിച്ചിരുന്ന പരിപ്പ് 90 രൂപ കൊടുത്താലും കിട്ടാനില്ലാത്ത സ്ഥിതി. വൻപയറിന്റെ് വില 50 രൂപ കൂടി. ചെറുപയറിന്റെ വിലയിൽ 10 രൂപയുടെ വർദ്ധനവ്. ഗ്രീൻപീസിനും കടലയ്ക്കും ഒരാഴ്ചയ്ക്കിടെ 20 രൂപ കൂടി, വിലയിപ്പോൾ എൺപതിനടുത്താണ്. മല്ലി, മുളക്, മൈദ, റവ, ആട്ട തുടങ്ങിയവയുടെ വില ഉടൻ കൂടുമെന്നതിന്റെ സൂചനകൾ വിപണിയിൽ നിന്ന് വന്നു തുടങ്ങിയിട്ടുണ്ട്.

പൂഴ്ത്തിവയ്പു തടയാൻ ലക്ഷ്യമിട്ട് സിവിൽ സപ്ലൈസ് വകുപ്പ് രൂപീകരിച്ച പ്രത്യേക സ്‌ക്വാഡും വിജിലൻസ് വിഭാഗവും നിർജീവമാണെന്ന് ഇതോടെ പൂർണ്ണമായും തെളിയുകയാണ്. ഭക്ഷ്യധാന്യങ്ങൾക്കു കൃത്രിമക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയിട്ടും വിപണി ഇടപെടലിന് അധികാരികൾക്കാർക്കും സമയം ലഭിച്ചിട്ടില്ല. പകരം സപ്ലൈക്കോയിലെ വിതരണത്തിന് നിയന്ത്രണമേർപ്പെടുത്തിയും വിലകൂട്ടിയുമാണ് പ്രശ്‌നപരിഹാരം ആലോചിക്കുന്നത്. സബ്‌സിഡി സാധാനങ്ങൾ പലതും ഇപ്പോൾ സപ്ലൈകോ സ്റ്റാളുകളിൽ നിന്ന് നൽകുന്നില്ല.

സർക്കാർ തെളിച്ച പാതയിലൂടെ നടന്ന് ചെറുകിട വ്യാപാരികളും വില കുത്തനെ കൂട്ടുകയാണ്. അയൽ സംസ്ഥാനങ്ങളിലെ വിളവിനെ പതിവുപോലെ പഴിക്കാനും ആരും മറക്കുന്നില്ല. എന്നാൽ, കേരളത്തിലെത്തുന്ന ലോഡുകളുടെ കാര്യത്തിൽ കുറവില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതേസമയം, പയറുവർഗങ്ങളുടെ 50,000 ടൺ പൂഴ്ത്തിവയ്്പ്പ് കേന്ദ്രം പിടിച്ചെടുത്തു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!