മുരുകന്‍റെ മക്കളുടെ വിദ്യാഭ്യാസത്തിന് 10 ലക്ഷം രൂപ

തിരുവനന്തപുരം: കൊല്ലത്ത് വാഹനാപകടത്തില്‍പെട്ട് അഞ്ച് ആശുപത്രികളില്‍ ചികിത്സ കിട്ടാതെ ഒടുവില്‍ മരണത്തിന് കീഴടങ്ങിയ തമിഴ്നാട് സ്വദേശി മുരുകന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. രണ്ട് മക്കളുടെ വിദ്യാഭ്യാസത്തിനായി അഞ്ച് ലക്ഷം രൂപ വീതം നല്‍കാനാണ് തീരുമാനം. ഈ തുക ബാങ്കില്‍ നിക്ഷേപിക്കുകയും പലിശ മുരുകന്‍റെ ഭാര്യ മുരുകമ്മയ്ക്ക് നല്‍കുകയും ചെയ്യും. മുരുകന്‍റെ ഭാര്യയും മറ്റ് കുടുംബാംഗങ്ങളും  മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. കുടുംബത്തിന്‍റെ വിവരങ്ങള്‍ മുഖ്യമന്ത്രി ചോദിച്ചു മനസ്സിലാക്കി. 25 വര്‍ഷമായി കൊല്ലത്ത് കറവക്കാരനായി ജോലി ചെയ്യുകയായിരുന്നു മുരുകന്‍. സര്‍ക്കാര്‍ ആവശ്യമായ സഹായം നല്‍കുമെന്ന് അവര്‍ക്ക് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ, സി.പി.ഐ.എം. ജില്ലാ സെക്രട്ടറി കെ.എന്‍ ബാലഗോപാല്‍, തിരുനല്‍വേലി തിസൈന്‍ വില്ലൈ ടൗണ്‍ പഞ്ചായത്ത് കൗണ്‍സിലര്‍ മാരിമുത്തു എന്നിവരോടൊപ്പമാണ് മുരുകന്‍റെ കുടുംബം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. മുരുകന്‍റെ രണ്ടു മക്കളും കൂടെയുണ്ടായിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!