തലസ്ഥാനത്ത് സി.പി.എം- ബി.ജെ.പി ഏറ്റുമുട്ടല്‍, ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസും കോടിയേരിയുടെ വീടും ആക്രമിച്ചു

തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ സിപിഎം- ബി.ജെ.പി സംഘര്‍ഷം. ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീടിനു നേരെയും ആക്രമണം. കല്ലേറില്‍ വാഹനങ്ങള്‍ തകര്‍ന്നു.

എം.ജി. കോളജില്‍ എസ്.എഫ്.ഐ. യൂണിറ്റ് രൂപീകരിച്ചതുമായി ബന്ധപ്പെട്ടു നിലനിന്നിരുന്ന സംഘര്‍ഷം ഇന്നലെ വൈകുന്നേരം ആറ്റുകാല്‍ ഭാഗത്ത് കൊടിമരം നശിപ്പിക്കലിലേക്ക് കടക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നേതാക്കളുടെയും കണ്‍സിലര്‍മാരുടെയും വീടുകള്‍ക്കു നേരെ ആക്രമണവുമായി സംഘര്‍ഷം ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് പരക്കുകയായിരുന്നു.

സിപിഎം ജില്ലാ സെക്രട്ടറിയറ്റ് അംഗം കാട്ടാക്കട ശശി, ചാല ഏരിയ സെക്രട്ടറി എസ് എ സുന്ദര്‍, കളിപ്പാന്‍കുളം വാര്‍ഡ് കൌണ്‍സിലര്‍ റസിയാബീഗം, ഡിവൈഎഫ്‌ഐ ബ്‌ളോക്ക് പ്രസിഡന്റ് ആര്‍ ഉണ്ണി എന്നിവരുടെ വീടുകള്‍ തകര്‍ത്തതായി സി.പി.എം നേതാക്കള്‍ ആരോപിക്കുന്നു.

ആറ്റുകാല്‍ ഭാഗത്ത് മൂന്നു കൗണ്‍സിലര്‍ മാരുടേതടക്കം 11 വീടുകള്‍ സി.പി.എം തകര്‍ത്തുവെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് സുരേഷ് പറഞ്ഞു. സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ചത് അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉണ്ടെന്ന് ഉറപ്പുവരുത്തിയിട്ടാണെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവരും കുന്നുകുഴി കൗണ്‍സിലറുമായ ഐ.പി. ബിനുവിന്റെയും എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി പ്രജിന്റെയും നേതൃത്വത്തിലായിരുന്നു ആക്രമണമെന്നും വീഡിയോ പുറത്തുവിട്ടുകൊണ്ട് ബി.ജെ.പി ആരോപിച്ചു. സ്ഥലത്തുണ്ടായിരുന്നു ഒരു പോലീസുകാരന്‍ ഒഴികെ മറ്റാരും തടയാന്‍ ശ്രമിച്ചില്ല. തടയുന്നതിനിടെ മര്‍ദ്ദനമേറ്റ പോലീസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇരുവിഭാഗത്തിലെയും പ്രവര്‍ത്തകര്‍ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്. യുവമോര്‍ച്ച സംസ്ഥാന സമിതി അംഗം നിഷാന്ത് അടക്കം ചിലരെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായിട്ടാണ് സൂചന.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!