കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം പ്രഭാവര്‍മയ്ക്ക്

ഡല്‍ഹി: പ്രമുഖ കവിയും ഗാനരചയിതാവുമായ പ്രഭാവര്‍മയ്ക്ക് 2016ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. ശ്രീകൃഷ്ണന്റെ ആത്മവ്യഥകളുടെ തീവ്രാവിഷ്കാരമായ ശ്യാമമാധവം എന്ന കാവ്യാഖ്യായികയ്ക്കാണ് അവാര്‍ഡ്. 2013ല്‍ ഈ കൃതിക്ക് വയലാര്‍ അവാര്‍ഡും ലഭിച്ചിരുന്നു. ഒരുലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങിയ അക്കാദമി പുരസ്കാരം ഫെബ്രുവരി 22ന് ഡല്‍ഹിയില്‍ നടക്കുന്ന ഫെസ്റ്റിവല്‍ ഓഫ് ലെറ്റേഴ്സ് ചടങ്ങില്‍ വിതരണംചെയ്യും. ഡോ. എം ലീലാവതി, പ്രൊഫ. വി സുകുമാരന്‍, ആലങ്കോട് ലീലാകൃഷ്ണന്‍ എന്നിവരടങ്ങിയ പുരസ്കാരനിര്‍ണയ സമിതിയാണ് പുരസ്കാരജേതാവിനെ തീരുമാനിച്ചത്.

എട്ട് കാവ്യസമാഹാരങ്ങളും ഏഴ് ചെറുകഥാസമാഹരങ്ങളും അഞ്ച് നോവലുകളും ഉള്‍പ്പെടെ 24 ഭാഷയിലെ പുസ്തകങ്ങള്‍ക്കാണ് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം പ്രഖ്യാപിച്ചത്.  കേന്ദ്രസാഹിത്യ അക്കാദമിയുടെ ഭാഷാസമ്മാന്‍ പുരസ്കാരത്തിന് ഡോ. ആനന്ദ്പ്രകാശ് ദീക്ഷിത് (ഉത്തരമേഖല), നഗല്ല ഗുരുപ്രസാദ് റാവു (ദക്ഷിണമേഖല) എന്നിവരെ തെരഞ്ഞെടുത്തു. അക്കാദമിയുടെ പട്ടികയിലില്ലാത്ത ഭാഷകളില്‍ മികച്ച സംഭാവനകള്‍ നല്‍കിയവര്‍ക്കുള്ള ഭാഷാപുരസ്കാരങ്ങള്‍ക്ക് ഡോ. നിര്‍മല മിന്‍സ് (കുറുക്ക്), ഹരിഹര്‍ വൈഷ്ണവ് (ഹാല്‍ബി), ഡോ. ടി ആര്‍ ദാമോദരന്‍, ടി എസ് സരോജ സുന്ദരരാജന്‍ (സൌരാഷ്ട്ര), പ്രൊഫ. ലോസാങ് ജാംസ്പാല്‍, ഗെലോങ് തുപ്സ്താന്‍ പാല്‍ഡന്‍ (ലഡാക്ക്) എന്നിവര്‍ക്ക് സമ്മാനിക്കും. ഒരു ലക്ഷംരൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറി കെ ശ്രീനിവാസറാവുവാണ് പുരസ്കാരജേതാക്കളെ പ്രഖ്യാപിച്ചത്. പ്രഭാവര്‍മ നിലവില്‍, മുഖ്യമന്ത്രി പിണറായി വിജയന്റെ  അഡ്വൈസര്‍(പ്രസ്) ആണ്.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!