കാവാലം അന്തരിച്ചു

kavalamതിരുവനന്തപുരം: നാടകാചാര്യന്‍ കാവാലം നാരായണ പണിക്കര്‍ അന്തരിച്ചു. എണ്‍പത്തിയെട്ട് വയസ്സായിരുന്നു. ദീര്‍ഘകാലമായി രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം. ഇന്നലെ രാത്രി പത്തുമണിയോടെ തിരുവനന്തപുരം തിരുമല തൃക്കണ്ണാപുരത്തെ വസതിയിലായിരുന്നു അന്ത്യം.

മലയാള തനതു നാടക പ്രസ്ഥാനത്തിനു രൂപഭംഗിയും ഉണര്‍വും പകര്‍ന്നു നല്‍കിയ കാവാലം കേരള സംഗീത നാടക അക്കാദമിയുടെ സെക്രട്ടറിയായും നാടക സങ്കേതങ്ങളായ തിരുവരങ്ങിന്റെയും സോപാനത്തിന്റെയും ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ കാവാലത്ത് ഗോദവര്‍മ്മയുടെയും കുഞ്ഞു ലക്ഷ്മിയുടെയും മകനായി 1928 ഏപ്രില്‍ 28നായിരുന്നു ജനനം. തിരുവാഴിത്താന്‍, അവനവന്‍ കടമ്പ,കരിങ്കുട്ടി, ദൈവത്താര്‍ തുടങ്ങിയ പ്രശസ്ത നാടകങ്ങളുടെ കര്‍ത്താവ് എന്ന നിലയിലും അദ്ദേഹം ശ്രദ്ധനേടി. രതിനിര്‍വേദം എന്ന സിനിമയ്ക്കു വേണ്ടി ഗാനങ്ങള്‍ എഴുതിക്കൊണ്ട് സിനിമാ രംഗത്തെത്തി.തുടര്‍ന്നു വാടകയ്‌ക്കൊരു ഹൃദയം, തമ്പ്, കുമ്മാട്ടി, പടയോട്ടം, ചില്ല്, സൂര്യന്‍, വിടപറയും മുമ്പേ, ആമ്പല്‍പ്പൂവ്, വേനല്‍, സ്വത്ത്, പവിഴമുത്ത്,kavalam body പെരുവഴിയമ്പലം, തമ്പുരാട്ടി, തുടങ്ങിയ ചിത്രങ്ങള്‍ക്ക് ഗാനരചന നിര്‍വഹിച്ചു. 1978 ലും 1982ലും മികച്ച ഗാന രചയിതാവിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ശാരദമണിയാണ് ഭാര്യ. പ്രമുഖ ഗായകന്‍ കാവാലം ശ്രീകുമാര്‍, കാവാലം ഹരികൃഷ്ണന്‍ എന്നിവരാണ് മക്കള്‍.

മൃതദേഹം ഇന്ന് സോപാനം കളരിയിൽ പൊതു ദർശനത്തിനു വെക്കും. തുടർന്ന് രാത്രിയോടെ കാവലത്തേക്കു കൊണ്ട് പോകും. നാളെ രാവിലെ മുതൽ കാവാലം ചാലയിൽ തറവാട്ടിൽ പൊതു ദർശനം. 4.30 നു സംസ്കാരം നടക്കും. കാവാലത്തിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!