ശ്രീനാരായണ ഗുരു ഏറ്റവും മഹാനായ ഹിന്ദു സന്യാസിയെന്ന് ബി.ജെ.പി

തിരുവനന്തപുരം: കേരളം ലോകത്തിനു സംഭാവന നല്‍കിയ ഏറ്റവും മഹാനായ ഹിന്ദു സന്യാസിയാണ് ശ്രീ നാരായണ ഗുരുവെന്ന് ബി.ജെ.പി. പുഴുക്കുത്തുകള്‍ ഇല്ലാതാക്കി ഹിന്ദു ധര്‍മ്മത്തെ നവീകരിച്ച ഗുരുദേവന്‍ തന്നെയാണ് കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയെന്നും ചതയ ദിനാശംസാകള്‍ നേര്‍ന്നുകൊണ്ടുള്ള ബി.ജെ.പിയുടെ ഫേസ് ബുക്ക് പോസ്റ്റ് അവകാശപ്പെടുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കേരളം ലോകത്തിന് സംഭാവന നൽകിയ ഏറ്റവും മഹാനായ ഹിന്ദു സന്യാസിയാണ് നാരായണ ഗുരുദേവൻ. പുഴുക്കുത്തുകൾ ഇല്ലാതാക്കി ഹിന്ദു ധർമ്മത്തെ നവീകരിച്ച ഗുരുദേവൻ തന്നെയാണ് കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയും. അനാചാരങ്ങൾക്കെതിരെ ശബ്ദം ഉയർത്തുമ്പോഴും അത് സ്വധർമ്മത്തിന് എതിരാകാതിരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. പരിഷ്കാരത്തിന്റെ പേരിൽ സംസ്കാരത്തെയും സ്വന്തം നാടിനെ തന്നെയും തള്ളി പറയാൻ മടി കാണിക്കാത്ത ഇന്നത്തെ കപട ‘പുരോഗമന’ വാദികൾക്ക് ഒരു പാഠമാണ് ഗുരുദേവന്റെ പ്രവർത്തികൾ. ഗുരു ഉയർത്തിയ ചിന്തകൾക്ക് സ്വീകാര്യത വർധിക്കുന്നത് കണ്ട് അദ്ദേഹത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്നവർ ഒരിക്കൽ അദ്ദേഹത്തെ കണക്കറ്റ് പരിഹസിച്ചിരുന്നവരും പുലഭ്യം പറഞ്ഞിരുന്നവരുമാണ് എന്നത് ശ്രദ്ധേയമാണ്. ഗുരുദേവ ദർശനങ്ങളെ വക്രീകരിച്ച് അദ്ദേഹത്തെ ഈ നാടിന്റെ ദേശീയ ധാരയിൽ നിന്ന് അടർത്തി മാറ്റാനുള്ള ഏതൊരു ശ്രമങ്ങളെയും നാം ഒറ്റക്കെട്ടായി ചെറുക്കണം.
ജനസംഘത്തിന്റെ ദേശീയ സമ്മേളനം ആദ്യമായി കേരളത്തിൽ നടന്നപ്പോൾ കോഴിക്കോട്ടെ സമ്മേളന നഗരിക്ക് നൽകിയത് ഗുരുദേവന്റെ പേര് ആയിരുന്നു. ആ സമ്മേളനത്തിന്റെ അൻപതാം വർഷത്തിൽ മറ്റൊരു ദേശീയ കൗൺസിലിന് കൂടി കോഴിക്കോട് സാക്ഷ്യം വഹിക്കാൻ പോവുകയാണ്. സമ്മേളനം തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ എത്തുന്ന ഗുരുദേവ ജയന്തി ആവേശ സ്മരണകളാണ് ഉയർത്തുന്നത്. ഏവർക്കും ചതയ ദിനാശംസകൾ.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!