ടുണീഷ്യന്‍ നാഷണല്‍ ഡയലോഗ് ക്വാര്‍ട്ടെറ്റിന് സമാധാനത്തിനുള്ള നോബല്‍ സമ്മാനം

ഓസ്ലോ: 2015ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ടുണീഷ്യന്‍ നാഷണല്‍ ഡയലോഗ് ക്വാര്‍ട്ടെറ്റ് എന്ന സംഘടനയ്ക്ക്. അറബ് വസന്തത്തിനു തുടക്കം കുറിച്ച മുല്ലപ്പൂ വിപ്ലവത്തെ സാര്‍ത്ഥകമായ ജനാധിപത്യ സംവിധാനമാക്കി മാറ്റിയതിനാണ് പുരസ്‌കാരം.

ടുണീഷ്യയില്‍ തുടക്കം കുറിച്ച മുല്ലപ്പൂ വിപ്ലവമെന്ന ജനാധിപത്യപ്രക്ഷോഭം അറബ് വസന്തമായി മാറി പല രാജ്യങ്ങളിലെയും ഏകാധിപതികളെ തുടച്ചുനീക്കിയിരുന്നു.
ദീര്‍ഘകാലം ടുണീഷ്യ അടക്കിവാണ സൈനുല്‍ ആബിദീന്‍ ബെന്‍ അലിയെ 2011ല്‍ തൂത്തെറിഞ്ഞ പ്രക്ഷോഭം പിന്നീട് വിരുദ്ധതാല്‍പ്പര്യക്കാരായ തീവ്രസംഘടനകളുടെ ഏറ്റുമുട്ടലിനു വഴിയൊരുക്കുമ്പോഴായിരുന്നു നാലു സംഘടനകളുടെ ഈ കൂട്ടായ്മ ജനാധിപത്യപ്രക്രിയയ്ക്കായി പിറവിയെടുത്തത്.

തൊഴിലാളികളും അഭിഭാഷകരും മനുഷ്യാവകാശപ്രവര്‍ത്തകരും ഉള്‍പ്പെടുന്ന സിവില്‍ സമൂഹം നാഷണല്‍ ഡയലോഗ് ക്വാര്‍ട്ടെറ്റിനു കീഴില്‍ ഒരുമയോടെ നിലകൊണ്ടു. വലിയൊരു രക്തച്ചൊരിച്ചിലിലേക്കു കടക്കുമായിരുന്ന രാജ്യത്തെ ബഹുസ്വര ജനാധിപത്യത്തിന്റെ കുടക്കീഴില്‍ കൊണ്ടുവരാന്‍ സംഘടനയ്ക്കു കഴിഞ്ഞതായി നൊബേല്‍ സമ്മാന സമിതി വിലയിരുത്തി.

ജര്‍മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കല്‍, ഫ്രാന്‍സിസ് മാര്‍പാപ്പ, യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍, കൊളംബിയന്‍ പ്രസിഡന്റ് ജുവാന്‍ മാനുവല്‍ സാന്റോസ്, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എഡ്വേര്‍ഡ് സ്‌നോഡന്‍ തുടങ്ങിയവരെ പിന്തള്ളിയാണ് ടുണീഷ്യന്‍ നാഷണല്‍ ഡയലോഗ് ക്വാര്‍ട്ടെറ്റ്് പുരസ്‌കാരം നേടിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!