ജീവിതത്തെ തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങള്‍ വിഫലമായി; അമ്പിളി ഫാത്തിമ യാത്രയായി

fathimaകോട്ടയം : ചികിത്സകളും പ്രാര്‍ത്ഥനകളും വിഫലമാക്കി നക്ഷത്രക്കണ്ണുള്ള അമ്പിളി ഫാത്തിമ (22) യാത്രയായി. ഹൃദയവും ശ്വാസകോശങ്ങളും മാറ്റിവെച്ച് ജീവിതം തിരിച്ചു പിടിയ്ക്കുന്നതിനിടെയാണ് അമ്പിളി ഫാത്തിമയെ മരണം കവര്‍ന്നത്. അണുബാധയെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ കോട്ടയം കാരിത്താസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കോട്ടയം സി.എം.എസ് കോളജിലെ അവസാന വര്‍ഷ എം.കോം വിദ്യാര്‍ത്ഥിനിയായിരുന്ന അമ്പിളി ഫാത്തിമ.

പത്തുമാസം മുന്‍പ് ചെന്നൈ അപ്പോളോയിലായിരുന്നു അമ്പിളി ഫാത്തിമയുടെ ഹൃദയവും ശ്വാസകോശവും മാറ്റിവച്ചുകൊണ്ടുള്ള അപൂര്‍വ ശസ്ത്രക്രിയ. ഒരു മാസം പിന്നിട്ടപ്പോള്‍ കടുത്ത അണുബാധയുണ്ടായതിനെ തുടര്‍ന്ന് മറ്റൊരു സങ്കീര്‍ണ്ണമായ സ്ത്രക്രിയയ്ക്കു കൂടി അമ്പിളിയെ വിധേയയാക്കി. തുടര്‍ന്ന് പത്ത് മാസത്തെ തുടര്‍ ചികിത്സയ്ക്കുശേഷം ഒരു മാസം മുമ്പാണ് അമ്പിളിയെ കോട്ടയത്തെ വീട്ടില്‍ എത്തിച്ചത്.

ഒരു നഴ്‌സും ചെന്നൈയില്‍ നിന്നു അമ്പിളിയെ പരിചരിക്കാന്‍ എത്തിയിരുന്നു. വീട്ടില്‍ സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ല. ഇതിനിടെ, പനിയും ശ്വാസതടസവും ബാധിച്ചതിനെ തുടര്‍ന്നാണ് അമ്പിളിയെ കോട്ടയത്ത് കാരിത്താസില്‍ എത്തിച്ചത്. എന്നാല്‍, തലച്ചോറിന്റെയും ആന്തരികാവയവങ്ങളുടെയും പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലച്ചതിനെ തുടര്‍ന്ന് ഇന്ന് പതിനൊന്നരയോടെയാണ് അമ്പിളി ഫാത്തിമ മരണത്തിന് കീഴടങ്ങിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!