വി എസ് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍; പത്ത് ജില്ലാ കളക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം

തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലാ കളക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം. ഒരേ ജില്ലയില്‍ രണ്ട് വര്‍ഷ പൂര്‍ത്തിയാക്കിയ കളക്ടര്‍മാരെ മാറ്റി നിയമിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിന്റെ ഭാഗമായാണിത്. വി എസ് അച്യുതാനന്ദനെ ക്യാബിനറ്റ് റാങ്കോടെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനായി നിയമിച്ചതടക്കമുള്ള സുപ്രധാന തീരുമാനങ്ങള്‍ ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ കൈക്കൊണ്ടിട്ടുണ്ട്.

എസ് വെങ്കിടേശപതി (തിരുവനന്തപുരം) ടി മിത്ര (കൊല്ലം), ആര്‍ ഗിരിജ (പത്തനംതിട്ട), വീണാ മാധവന്‍ (ആലപ്പുഴ), ജി ആര്‍ ഗോപു (ഇടുക്കി), കെ മുഹമ്മദ് സഫറുള്ള (എറണാകുളം), എ ഷൈനമോള്‍ (മലപ്പുറം), ബി എസ് തിരുമേനി (വയനാട്), മിര്‍ മുഹമ്മദ് അലി (കണ്ണൂര്‍), ജീവന്‍ ബാബു (കാസര്‍ഗോഡ്) എന്നിവരാണ് പുതുതായി നിയമനം ലഭിച്ച കളക്ടര്‍മാര്‍.

തിരുവനന്തപുരം ജില്ലാ കളക്ടറായിരുന്ന ബിജു പ്രഭാകരനെ കൃഷി വകുപ്പ് ഡയറക്ടറായും എറണാകുളം കളക്ടറായിരുന്ന രാജമാണിക്യത്തെ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ എം ഡിയായും നിയമിച്ചിട്ടുണ്ട്. രാജമാണിക്യത്തിന് എക്‌സൈസ് അഡീഷണല്‍ കമ്മീഷണറുടെ ചുമതലകൂടി ഉണ്ടാകും. എസ് ഹരികുമാര്‍ (കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍), വി രതീശന്‍ (പഞ്ചായത്ത് ഡയറക്ടര്‍), കേശവേന്ദ്ര കുമാര്‍ (നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഡയറക്ടര്‍, ഫുഡ് സേഫ്ടി കമ്മീഷണര്‍, സോഷ്യല്‍ ജസ്റ്റിസ് ഡയറക്ടര്‍), പി ബാലകിരണ്‍ (ഐ ടി മിഷന്‍ ഡയറക്ടര്‍), ഇ ദേവദാസന്‍ (സര്‍വ്വെ ആന്റ് ലാന്‍ഡ് റെക്കോര്‍ഡ്‌സ് ഡയറക്ടര്‍, രജിസ്‌ട്രേഷന്‍ ഐജി) എന്നിവര്‍ക്കും പകരം നിയമനങ്ങള്‍ നല്‍കിയിട്ടുണ്ട്.

വി എസ് അച്യുതാനന്ദനെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനായി നിയമിക്കാനും മന്ത്രിസഭ തീരുമാനം എടുത്തിട്ടുണ്ട്. ക്യാബിനറ്റ് റാങ്കോടെയാണ് വി എസിന്റെ നിയമനം. മുന്‍ ചീഫ് സെക്രട്ടറിമാരായ ലീലാ ഗംഗാധരന്‍, സി പി നായര്‍ എന്നിവരാണ് മൂന്നംഗ കമ്മീഷനിലെ അംഗങ്ങള്‍.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!