കൈകുഞ്ഞ്, പ്രായം 20… അമ്മ് ചോദിച്ചത് 4000 രൂപ

മലപ്പുറം: കൈകുഞ്ഞിന് പ്രായം 20 ദിവസം. എന്തു വില തരും ?… ചോദ്യം മറ്റാരുടേതുമല്ല. മാതാപിതാക്കൾ കുഞ്ഞിനെ വിൽക്കാൻ നോക്കിയത് മറ്റൊരിടത്തുമല്ല, ഈ കേരളത്തിൽ.
അസം സ്വദേശികളാണ് വേങ്ങരയിൽ കുട്ടിയെ കച്ചവടം നടത്താനൊരുങ്ങിയത്. വർഷങ്ങളായി വേങ്ങര കൂരിയാട് ഭഗങ്ങളിൽ കൂലിപ്പണിചെയ്യുന്നവരാണ് ഇവരെന്നാണ് പോലീസിന്റെയും ചൈൽഡ് ലൈൻ പ്രവർത്തകരുടെയും വിശദീകരണം. നാട്ടിൽ പോകാനൊരുങ്ങിയപ്പോൾ കുഞ്ഞ് തടസമായി. എങ്ങനെയെങ്കിലും കുഞ്ഞിനെ ഒഴിവാക്കുകയായിരുന്നു ലക്ഷ്യം.

ശനിയാഴ്ച രാത്രി കൂരിയാട്ട് മാടൻചിനയിലുള്ള ഇവരുടെ വാടകവീട്ടിൽ കുട്ടിയെ വിൽക്കാനുള്ള ശ്രമങ്ങൾ സജീവമായതു കണ്ട് പരിസരവാസിയാണ് ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിച്ചത്. ഇതോടെയാണ് കുഞ്ഞിനെ വിൽക്കാനുള്ള നീക്കം പാളിയത്. രാത്രി സ്ഥലത്തെത്തിയ ചൈൽഡ് ലൈൻ പ്രവർത്തകർ കുഞ്ഞിനെ വാങ്ങാൻ സമ്മതംമൂളി. 4000 രൂപ നൽകാമെന്ന് വാക്ക് നൽകിയതോടെ ഇവർ കുഞ്ഞിനെ കൈമാറി. പണം നൽകാനെന്ന വ്യാജേന വാഹനത്തിൽ കയറ്റി പോലീസ് സ്‌റ്റേഷനിലെത്തിച്ചു.

മൂന്നുവയസുള്ള മറ്റൊരു പെൺകുഞ്ഞ് ഇവരുടെ കൂടെയുണ്ട്. പിഞ്ചുകുഞ്ഞിനെ ഒഴിവാക്കി നാട്ടിലേക്ക് പോകാനായിരുന്നു തീരുമാനം. 30ന് താഴെ മാത്രം പ്രായമുള്ളവരാണ് ദമ്പതികളെന്നാണ് പോലീസിന്റെ നിഗമനം. ഞായറാഴ്ച രാത്രി രണ്ടുമണിയോടെ അച്ഛനെ വേങ്ങര പോലീസ് സ്‌റ്റേഷനിലേക്കും അമ്മയെ വേങ്ങര അഗതി മന്ദിരത്തിലേക്കും മാറ്റി. കുട്ടിയെ കോഡൂർ ശിശുസംരക്ഷണ കേന്ദ്രത്തിന് കൈമാറി. ഇവരുടെ ഭാഷ തർജിമ ചെയ്യാൻ ആളെ തേടി നടക്കുകയാണ് പോലീസ്. എന്നിട്ടു വേണം കേസ് രജിസ്റ്റർ ചെയ്യാൻ.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!