കോഴവാങ്ങിയതിന് പ്രഥമ ദൃഷ്ട്യാ തെളിവ്; മാണി കുരുങ്ങുന്നു, സര്‍ക്കാര്‍ അപ്പീലിന്

കോഴവാങ്ങിയതിന് പ്രഥമ ദൃഷ്ട്യാ തെളിവ്; മാണി കുരുങ്ങുന്നു, സര്‍ക്കാര്‍ അപ്പീലിന്

തിരുവനന്തപുരം: മാണി ശരിക്കും പെട്ടു. പൂട്ടിയ 418 ബാറുകള്‍ തുറക്കുന്നതിന് ധനമന്ത്രി കെ.എം. മാണി കോഴവാങ്ങിയതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയുടെ ഉത്തരവില്‍ പറയുന്നു. തുടരന്വേഷണം നിര്‍ദേശിക്കുന്ന ഉത്തരവിലാണ് ഇക്കാര്യം judgementവ്യക്തമാക്കിയിട്ടുള്ളത്. വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീലിന് ഒരുങ്ങുന്നു.

വിജിലന്‍സ് ഡയറക്ടറെ രൂക്ഷമായി വിമര്‍ശിക്കുന്ന കോടതി അന്വേഷണ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്. 2014 മാര്‍ച്ച് 22നും ഏപ്രിലില്‍ രണ്ടിനും മാണി കോഴ വാങ്ങിയതിന് തെളിവുണ്ട്. ആദ്യ പ്രാവശ്യം 15 ലക്ഷം രൂപയും രണ്ടാം പ്രാവശ്യം 10 ലക്ഷം രൂപയുമാണ് വാങ്ങിയത്. ആകെ 25 ലക്ഷം. പാലായില്‍ വച്ച് പണം കൈമാറിയത്. രേഖകളും കണ്ടെത്തലുകളും ഇത് വ്യക്തമാക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ നിഗമനം കോടതി ശരിവച്ചു.

അന്തിമ റിപ്പോര്‍ട്ടില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ നിഗമനങ്ങള്‍ പരിഗണിക്കപ്പെട്ടില്ല. വിജലന്‍സ് ഡയറക്ടറുടെ നിര്‍ദേശം മാത്രമാണുള്ളത്. മൂന്നു കാര്യങ്ങളിലാണ് കോടതി പ്രധാനമായും തുടരന്വേഷണം നിര്‍ദേശിക്കുന്നത്. ബിജു രമേശ് സമര്‍പ്പിച്ച സിഡി ശാസ്ത്രീയമായി പരിശോധിക്കണം. ബാര്‍ ഉടമകളുടേയും സംഘടനകളുടേയും അക്കൗണ്ടുകള്‍ പരിശോധിക്കണം. മാര്‍ച്ച് 31ന് മാണിയുടെ വീട്ടില്‍ നടന്ന രണ്ടാം കൂടിക്കാഴ്ചയെക്കുറിച്ചും വിശദമായി അന്വേഷിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട.

വിജിലന്‍സ് ജഡ്ജി ജോണ്‍ കെ ഇല്ലിക്കാടന്‍ ആണ് വിധി പ്രസ്താവിച്ചത്. മാണിക്കെതിരെ തെളിവുകള്‍ ഇല്ലെന്നും കേസ് അവസാനിപ്പിക്കണമെന്നുമുള്ള വിജിലന്‍സിന്റെ വാദം തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. വിജിലന്‍സ് എസ്പി ആര്‍. സുകേശന്‍ തന്നെ തുടരന്വേഷണം നടത്തണമെന്നും നിര്‍ദേശിച്ചു.

വിധിക്കെതിരെ അപ്പീല്‍ പോകാനുള്ള ആലോചനയിലാണ് സര്‍ക്കാര്‍. തദ്ദേശതെരഞ്ഞെടുപ്പിനു മുമ്പുതന്നെ ഹൈക്കോടതയില്‍ നിന്ന് സ്‌റ്റേ സമ്പാദിക്കാനുള്ള ശ്രമം നിയമവിദഗ്ധര്‍ തുടങ്ങി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!