തെരഞ്ഞെടുപ്പിലേക്ക് നീട്ടിയെറിഞ്ഞ് നയപ്രഖ്യാപനം

തിരുവനന്തപുരം: വികസനവും കരുതലുമെന്ന സര്‍ക്കാരിന്റെ മുദ്രാവാക്യത്തിലൂന്നി നിന്നുകൊണ്ട് തെരഞ്ഞെടുപ്പിലേക്ക് നീട്ടിയെറിഞ്ഞ് സര്‍ക്കാരിന്റെ നയപ്രഖ്യാപനം. വികസനനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുകൊണ്ടുമാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ മാരത്തോണ്‍ നയപ്രഖ്യാപനം ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ഇന്നലെ അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ ബഹിഷ്‌കരണത്തിനിടെയായിരുന്നു നയപ്രഖ്യാപന പ്രസംഗം നടന്നത്.

കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യഘട്ടം ജൂണില്‍ തീരുമെന്നും കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം സെപ്റ്റംബറില്‍ വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനക്ഷമമാകുമെന്നും ഗവര്‍ണര്‍ പ്രഖ്യാപിച്ചു. കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ ഒന്നാംഘട്ടം ഈ മാസം 20ന് കമ്മിഷന്‍ ചെയ്യും. സ്മാര്‍ട്ട് സിറ്റിയുടെയും സൈബര്‍പാര്‍ക്കിന്റെയും ഒന്നാംഘട്ടം കമ്മിഷന്‍ ചെയ്യപ്പെടുന്നതോടെ കേരളത്തില്‍ നിന്നുള്ള ഐടി കയറ്റുമതി ഈ വര്‍ഷം 18,000 കോടി രൂപയിലെത്തും. 2013ലെ ഭക്ഷ്യസുരക്ഷാനിയമം വരുന്ന ഏപ്രില്‍ ഒന്നു മുതല്‍ നടപ്പാക്കും.

എല്ലാ കുടുംബങ്ങള്‍ക്കും പാര്‍പ്പിടം, തിരുവനന്തപുരം – ചെങ്ങന്നൂര്‍ സബര്‍ബന്‍ സര്‍വീസ് റെയില്‍ സ്‌പെഷല്‍ പര്‍പ്പസ് വെഹിക്കിളിന്റെ ആദ്യ പദ്ധതിയായി ഏറ്റെടുക്കും,
രണ്ടു സെന്റ് ഭുമിയുള്ള താഴ്ന്ന വരുമാനക്കാര്‍ക്ക് വീട് നിര്‍മിക്കാന്‍ കാരുണ്യവായ്പ, താഴ്ന്ന വരുമാനക്കാര്‍ക്കായി ഹരിത ഭവനവായ്പാ പദ്ധതി, പാവപ്പെട്ടവരെ സഹായിക്കാന്‍ ഷെല്‍റ്റര്‍ ഫണ്ട്, കണ്ണൂര്‍ വിമാനത്താവളത്തിലെ പരീക്ഷണ ലാന്‍ഡിങ് ഈ മാസം, വിഴിഞ്ഞം പദ്ധതി 1000 ദിവസം കൊണ്ട് പൂര്‍ത്തിയാക്കും, തിരുവനന്തപുരം, എറണാകുളം കോഴിക്കോട് നഗരങ്ങളില്‍ കാരുണ്യ ഡയഗ്‌നോസ്റ്റിക് സെന്റര്‍ തുടങ്ങിയവയും പ്രഖ്യാപനത്തിലുണ്ട്.

പ്രസംഗം തടസപ്പെടുത്തിയ പ്രതിപക്ഷത്തിനു ശാസന

തിരുവനന്തപുരം : നയപ്രഖ്യാപന പ്രസംഗം തടസപ്പെടുത്തിയ പ്രതിപക്ഷത്തിന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തിന്റെ ശാസന. കേരള നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് നയപ്രഖ്യാപത്തിനത്തിനെത്തുന്ന ഗവര്‍ണര്‍ പ്രതിപക്ഷത്തെ ശാസിക്കുന്നത്.

നിശബ്ദരായി ഇരിക്കുകയോ സഭയ്ക്കു പുറത്തു പോകുകയോ ചെയ്യണമെന്ന് ഗവര്‍ണര്‍ പ്രതിപക്ഷ നേതാക്കളുടെ പേര് എടുത്തുപറഞ്ഞ് ആവശ്യപ്പെട്ടു. ഗവര്‍ണറെ രാവിലെ ഒമ്പതിന് സ്പീക്കര്‍ എന്‍. ശക്തന്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ചീഫ് സെക്രട്ടറി ജിജി തോംസണ്‍ എന്നിവര്‍ സഭയിലേക്ക് ആനയിച്ചു. പ്ലക്കാര്‍ഡുകളും ബാനറുകളുമായി തയാറെടുത്തിരുന്ന പ്രതിപക്ഷം ഗവര്‍ണര്‍ എത്തിയതോടെ മുദ്രാവാക്യം വിളി ആരംഭിച്ചു.

ദേശീയഗാനത്തിനു ശേഷം ഗവര്‍ണര്‍ പ്രസംഗത്തിനായി എണീറ്റതിനൊപ്പം പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പ്രതിഷേധവുമായി എണീറ്റു. തുടര്‍ന്നായിരുന്നു ശാസന. ജനാധിപത്യപരമായ പ്രതിഷേധത്തിനു നിങ്ങള്‍ക്ക് അവകാശമുണ്ടെന്നു പറഞ്ഞ ഗവര്‍ണര്‍, ഭരണഘടനാ പരമായ കര്‍ത്തവ്യം നിര്‍വഹിക്കാന്‍ തന്നെ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!