പിണറായിയുടെ പതനം

 ചോദ്യം മാധ്യമങ്ങളോടാണ്‌. പ്രത്യേകിച്ചും ദേശാഭിമാനിയോട്‌. അതിലും വിശേഷിച്ചു ദേശാഭിമാനിയുടെ കണ്‍സള്‍ട്ടിംഗ്‌ എഡിറ്ററായ എന്‍ മാധവന്‍കുട്ടിയോട്‌. പിണറായിയുടെ പതനം അടുത്തുവോ?

സി പി ഐ എമ്മില്‍ സെക്രട്ടറിപദവിക്ക്‌ കാലപരിധി നിശ്ചയിക്കുന്ന തീരുമാനം പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യയില്‍ അത്‌ ആഘോഷപൂര്‍വ്വം കൊണ്ടാടിയത്‌ കേരളത്തിലെ മാധ്യമങ്ങള്‍ മാത്രമായിരുന്നു. എന്നാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായ ബി ജെ പി 1999 ഡിസംബറില്‍ പാര്‍ട്ടി പ്രസിഡന്റിന്റെ കാലാവധി മൂന്ന്‌ വര്‍ഷം മാത്രമായി നിജപ്പെടുത്തിയപ്പോള്‍ മലയാള മാധ്യമങ്ങളില്‍ ഈ കോലാഹലമൊന്നും കണ്ടില്ല.

അതേസമയം സി പി എമ്മില്‍ മൂന്ന്‌ തവണത്തെ കാലപരിധി അതിലംഘിച്ചു നില്‍ക്കുന്ന പിണറായി വിജയന്റെ രാഷ്ട്രീയഭാവി ഓര്‍ത്ത്‌ മാധ്യമങ്ങള്‍ ഇപ്പോള്‍ ഏറെ ആശങ്കപ്പെടുകയാണ്‌. കൂട്ടത്തില്‍, ലോക്കല്‍ കമ്മിറ്റി മുതല്‍ ജില്ലാ കമ്മിറ്റി വരെയുള്ള സെക്രട്ടറിമാരില്‍ അദ്ദേഹത്തിന്റെ ചേരിയില്‍ എത്രപേരുടെ, എതിര്‍ ചേരിയില്‍ എത്രപേരുടെ സ്ഥാനംതെറിക്കും എന്നതിലും മാധ്യമങ്ങളുടെ കാനേഷുമാരി കണക്കെടുപ്പ്‌ നടക്കുകയാണ്‌.

എന്തായാലും ഒരു നീണ്ട ഇടവേളക്കു ശേഷമാണ്‌ വീണ്ടും പിണറായി വിജയന്‍ കേരളത്തിലെ മാധ്യമങ്ങളില്‍ വലിയ തലക്കെട്ട്‌ നേടിയിരിക്കുന്നത്‌. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി മാധ്യമങ്ങളും കേരളത്തിലെ യു ഡി എഫ്‌ നേതൃത്വവും പിണറായി വിജയനെ കയ്യൊഴിഞ്ഞിരിക്കുകയായിരുന്നു. തീപാറിയ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണ ഘട്ടത്തില്‍ പോലും പിണറായി വിജയനെ മാധ്യമങ്ങള്‍ വെറുതെവിടുകയായിരുന്നു.

യു ഡി എഫ്‌ മന്ത്രിസഭ സ്ഥാനമേറ്റശേഷവും മാധ്യമങ്ങള്‍ അതേ നയം തുടര്‍ന്നു .പിണറായിയെ അല്ല ലക്‌ഷ്യം വയ്‌ക്കേണ്ടതെന്ന യു ഡി എഫ്‌ അടവ്‌നയം വന്‍കിട മാധ്യമമായ മലയാള മനോരമയിലൂടെ പുറത്തുവന്നപ്പോള്‍ ഇതര മാധ്യമങ്ങളും അതിനു പിന്നാലെ പോകുകയായിരുന്നു. പിണറായി വിജയന്‍ മനസ്സ്‌ വച്ചിരുന്നെങ്കില്‍ ഇടതു പക്ഷത്തിനു നിയമസഭയില്‍ വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമായിരുന്നു എന്നും വി എസ്‌ അച്യുതാനന്ദന്‍ വീണ്ടും മുഖ്യമന്ത്രിയാകുന്ന ആപത്തു ഒഴിവാക്കാന്‍ കരുതിക്കൂട്ടി ചിലസീറ്റുകളില്‍ ഇടതുപക്ഷം തോറ്റു കൊടുക്കുകയായിരുന്നുവെന്നും വസ്‌തുതകളുടെ പിന്‍ബലത്തില്‍ വാദം ഉയര്‍ന്നപ്പോഴും, മാധ്യമങ്ങള്‍ അത്‌ മൂപ്പിക്കാതെ തണുപ്പിച്ചു.

അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ ഗുണം യു ഡി എഫി നാണല്ലോ എന്ന്‌ ആശ്വസിച്ച്‌ ഈ മാധ്യമങ്ങള്‍ കണ്ണടച്ചു. പിണറായിവിജയന്‍ തുടര്‍ന്നും സെക്രട്ടറിയാകുന്നത്‌ അയോഗ്യനാക്കും വിധം സെക്രട്ടറിയുടെ കാലാവധി പരമാവധി ഒമ്പത്‌ വര്‍ഷം(മൂന്ന്‌ വട്ടം) എന്ന്‌ കേന്ദ്ര കമ്മിറ്റി നിജപ്പെടുത്തിയതില്‍ ഈ ആരോപണത്തിന്റെ സ്വാധീനം ഉണ്ടോ എന്നും അറിയില്ല. 

പിണറായി വിജയന്റെ സെക്രട്ടറി കസേരക്ക്‌ ആട്ടം വച്ച്‌ തുടങ്ങിയിരിക്കുന്നു എന്ന സൂചന നല്‍കിയാണ്‌ കാലാവധികഥ മാധ്യമങ്ങള്‍ പറഞ്ഞു നിര്‍ത്തിയിരിക്കുന്നത്‌. ഈ വിവാദം കൊഴുപ്പിക്കാന്‍ അടുത്ത ഊഴത്തിനു വി എസ്‌ അച്യുതാനന്ദനിലാണ്‌ മാധ്യമങ്ങള്‍ കണ്ണ്‌ വച്ചിരിക്കുന്നത്‌. അദ്ദേഹത്തിന്റെ പ്രതികരണത്തിലൂടെ ഈ വിവാദം ഇനിയും മുന്നോട്ടു കൊണ്ടുപോകാനാകും എന്നാണ്‌ കണക്കുകൂട്ടല്‍. അതിനുള്ള ഉദാരസഹായം മാധ്യമങ്ങള്‍ക്ക്‌ വി എസ്‌ ചെയ്‌തേക്കും.

നേതൃസ്ഥാനം കയ്യാളുന്നവര്‍ക്ക്‌ കാലപരിധിവയ്‌ക്കുന്നത്‌ ലോകത്തൊരിടത്തും കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടികള്‍ അവലംബിക്കാറുള്ള സംഘടനാ രീതിയല്ല. നേരെ മറിച്ചായിരുന്നു കമ്മ്യുണിസ്റ്റ്‌ ശൈലി ഇന്ത്യയിലും അതേ ശൈലിയാണ്‌ പിന്തുടര്‍ന്നിരുന്നത്‌.

ഇത്തരത്തിലൊരു മാറ്റം സംഭവിക്കുമ്പോള്‍ അതില്‍ തീര്‍ച്ചയായും പ്രാധാന്യമുണ്ട്‌. എന്നാല്‍ കുരുടന്മാര്‍ ആനയെകണ്ടപോലുള്ള വിശദീകരണങ്ങളാണ്‌ പുറത്തുവന്നു കൊണ്ടിരിക്കുന്നത്‌. സെക്രട്ടറി പദവിയില്‍ യുവരക്തം കൊണ്ടുവരാനാണ്‌ ഈ മാറ്റം എന്നാണു വി എസ്‌ അച്യുതാനന്ദന്‍ വിശദീകരിച്ചത്‌. പാര്‍ട്ടിയെ കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കുകയാണ്‌ ഇതുകൊണ്ടു ഉദ്ദേശിക്കുന്നതെന്നാണ്‌ പാര്‍ട്ടിപത്രത്തിലെ ഉദ്യോഗസ്ഥന്‍ എന്‍ മാധവന്‍ കുട്ടി ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്‌.

സി പി ഐ എം നേതൃനിരയില്‍ നിന്നു ആരെയും ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ കിട്ടാത്തതിനാല്‍ എല്ലാ ചാനലുകള്‍ക്കുമായി മാധവന്‍കുട്ടി തന്റെ സൗജന്യ ബൗദ്ധിക സേവനം വീതംവച്ചു കൊടുത്ത്‌ ഈ മാറ്റത്തില്‍ ആഹ്ലാദം പങ്കിടുകയായിരുന്നു. പിണറായിയുടെ ഒഴിവില്‍ മാധവന്‍കുട്ടിയുടെ `ഗോഡ്‌ ഫാദറി’ന്‌ നറുക്ക്‌ വീണേക്കാം എന്നാവും മനസ്സിലിരിപ്പ്‌!. പിണറായി വിജയന്‍ സെക്രട്ടറി സ്ഥാനം ഒഴിയേണ്ടിവരുന്ന സാഹചര്യത്തെ അമിതാഹ്ലാദത്തോടെയാണ്‌ പാര്‍ട്ടി പത്രത്തിലെ ഈ ഉദ്യോഗസ്ഥന്‍ വിലയിരുത്തിയത്‌. സെക്രട്ടറിമാര്‍ക്ക്‌ കാലപരിധി നിശ്ചയിക്കാന്‍ കേന്ദ്രകമ്മിറ്റി കൈകൊണ്ട തീരുമാനത്തിലും പിണറായി വിജയന്‍ സ്ഥാനഭ്രഷ്ടനാകുമെന്നതിലും ടെലിവിഷന്‍ ചര്‍ച്ചയില്‍ ഈ പാര്‍ട്ടിപത്ര ഉദ്യോഗസ്ഥന്‍ പുളകചാര്‍ത്തണിയുന്നത്‌ കണ്ട്‌ സി പി ഐ എം അനുഭാവികള്‍ തന്നെ ഞെട്ടിയിട്ടുണ്ടാകും.

എന്തായാലും സി പി ഐ എം സെക്രട്ടറിയുടെ പദവി കാലപരിധിയില്ലാതെ കൈവശം വയ്‌ക്കുന്നത്‌ പാര്‍ട്ടിക്ക്‌ ഗുണം ചെയ്യില്ലെന്ന്‌ അവസാനം പാര്‍ട്ടി തന്നെ തിരിച്ചറിഞ്ഞിരിക്കുന്നു. സെക്രട്ടറിയുടെ പരമാവധി കാലാവധി ഒന്‍പതു വര്‍ഷമാക്കി ( മൂന്ന്‌ തവണ ) നിജപ്പെടുത്താനാണ്‌ പാര്‍ട്ടി കേന്ദ്രകമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്‌. സാധാരണ മൂന്ന്‌ വര്‍ഷത്തിലൊരിക്കലാണ്‌ പാര്‍ട്ടിസമ്മേളനം.

എന്നാല്‍ സെക്രട്ടറിയുടെ കാലാവധി എന്ത്‌ കൊണ്ടു മൂന്ന്‌ തവണയായി തന്നെ നിജപ്പെടുത്തുന്നു എന്ന ചോദ്യത്തിന്‌ ഉത്തരമില്ല. അതല്ലെങ്കില്‍ എന്തുകൊണ്ടു ഒന്നിലേറെ തവണ അനുവദിക്കണം എന്നതിനോ അതുമല്ലെങ്കില്‍ എന്തുകൊണ്ട്‌ മൂന്നിന്‌ പകരം നാലോ അതിലപ്പുറമോ ആയി നിജപെടുത്തികൂടാ എന്നതിനോ വിശദീകരണമില്ല. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ വേണ്ടിവന്നാല്‍ ഇതില്‍ ഇളവു നല്‍കാം എന്ന ഭംഗിവാക്കില്‍ കഴമ്പുണ്ടെന്ന്‌ തോന്നുന്നില്ല.

ഇരുപതാം കോണ്‍ഗ്രസ്‌ ദുഃശകുനമോ? 

അടുത്ത ഏപ്രിലില്‍ കോഴിക്കോട്‌ ചേരുന്ന ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസില്‍ മാത്രമേ കാലപരിധി വ്യവസ്ഥയ്‌ക്ക്‌ ഔപചാരികമായ അംഗീകാരമാകൂ. കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടികള്‍ക്ക്‌ ഇരുപതാം കോണ്‍ഗ്രസ്‌ ദുഃശകുനമാണ്‌എന്നാണ്‌ വയ്‌പ്പ്‌. ലോക കമ്മ്യുണിസ്റ്റ്‌ ചരിത്രത്തില്‍ ഇരുപതാം കോണ്‍ഗ്രസ്സിനു ഏറെ പ്രാധാന്യമുണ്ട്‌. സ്റ്റാലിന്റെ ക്രൂരതകള്‍ ക്രൂഷ്‌ചേവ്‌ ലോകത്തിനു മുന്‍പില്‍ നിരത്തിയത്‌ കോണ്‍ഗ്രസ്സില്‍ ആണ്‌.

“ഇത്രയും കൊടും ക്രൂരനായിരുന്നു സ്റ്റാലിന്‍ എങ്കില്‍ എന്തുകൊണ്ട്‌ പൊളിറ്റ്‌ ബ്യുറോയില്‍ അന്ന്‌ അംഗമായിരുന്ന താങ്കള്‍ അതിനെ ചോദ്യം ചെയ്‌തില്ലെന്ന്‌” അശരീരിപോലെ ഒരു പ്രതിനിധി സംശയം പ്രകടിപ്പിച്ചപ്പോള്‍, ക്രൂഷ്‌ചേവ്‌ ഉരുളക്ക്‌ ഉപ്പേരി പോലെ മറുപടി നല്‌കി എന്നുമാത്രമല്ല ആ മറുപടി ചരിത്രത്തിന്റെ ഭാഗമാകുകയും ചെയ്‌തു. “മറ്റുള്ളവര്‍ കാണ്‍കെ ഈ സംശയം ഉന്നയിക്കാന്‍ കെല്‍പ്പില്ലാത്ത ഈ പ്രതിനിധിയുടെ അവസ്ഥയിലായിരുന്നു” അന്ന്‌ താനുമെന്നായിരുന്നു ക്രൂഷ്‌ചേവ്‌ന്റെ ഉത്തരം. സമാനമായ ചോദ്യത്തിനും ഉത്തരത്തിനുംകേരളവും കാതോര്‍ക്കേണ്ടിവരുമോ? 

കേരളത്തില്‍ സി പി ഐ എമ്മിന്റെ ചരിത്രത്തില്‍ ഏറ്റവും നീണ്ടകാലം സെക്രട്ടറിയായിരുന്നതിന്റെ ഖ്യാതി പിണറായി വിജയന്‌ അവകാശപ്പെട്ടതാണ്‌. ആ കാലയളവില്‍ കേരളത്തിലെ പാര്‍ട്ടി നേരിട്ട ആഭ്യന്തര പ്രതിസന്ധികള്‍ സമാനതകളില്ലാത്തതാണ്‌.അവയുടെ ബീഭല്‍സരൂപം ഇപ്പോഴും ഇരുമ്പു മറയ്‌ക്കുള്ളിലാണ്‌. എത്ര എത്ര ത്യാഗനിര്‍ഭരരും നിസ്വാര്‍ഥരുമായ നേതാക്കളുടെ രോദനങ്ങള്‍, ദീനവിലാപങ്ങള്‍ അതിന്റെ നിലവറക്കുള്ളില്‍ ഇപ്പോഴും പുറംലോകം അറിയാതെ മുഴങ്ങുന്നു.

ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്‌ കഴിയുമ്പോള്‍ ഇന്ത്യയിലെ കമ്മ്യുണിസ്റ്റ്‌ പ്രസ്ഥാനത്തില്‍ നിന്നു പൊതുവിലും, കേരളത്തിലെ പ്രസ്ഥാനത്തില്‍ നിന്നു പ്രത്യേകിച്ചും, ചില തുറന്നുപറച്ചിലുകളോ കുമ്പസാരങ്ങളോ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളോ ഉണ്ടായാല്‍ അത്ഭുതപ്പെടണ്ട.

ഏകാധിപത്യങ്ങള്‍ക്ക്‌ തിരശീലവീഴുമ്പോള്‍ ചരിത്രത്തില്‍ സാധാരണ സംഭവിക്കാറുള്ളതാണത്‌. അത്‌ അറിയാത്ത ആളല്ല പിണറായി വിജയനും. സ്വന്തം നിഴലിനെപോലും വിശ്വസിക്കാനാവാത്ത നിലയിലാണ്‌ അദ്ദേഹം. കഴിഞ്ഞ നിയമസഭാതെരെഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന്‌ ചുണ്ടിന്റെ വക്കോളമെത്തിയ വിജയത്തിന്റെ കപ്പ്‌ തട്ടി തെറിപ്പിക്കാന്‍ മടിക്കാത്ത ഒരാള്‍, പാര്‍ട്ടിയിലെ സമസ്‌ത അധികാരങ്ങളും കൈവിട്ടു പോകുമെന്ന്‌ കണ്ടാല്‍ ഏതറ്റം വരെ നീങ്ങുമെന്ന്‌ പ്രവചിക്കാനാവില്ല.

പിണറായി വിജയനെ അടുത്ത സമ്മേളനത്തില്‍ സെക്രട്ടറിസ്ഥാനത്ത്‌ നിന്നു ഒഴിവാക്കിയാല്‍ കേരളത്തിലെ സി പി ഐ എമ്മിന്റെ എല്ലാ കളങ്കങ്ങളും മാഞ്ഞുപോകും എന്ന പ്രത്യാശയുടെ നാളങ്ങള്‍ പൊലിപ്പിക്കാന്‍ അദ്ദേഹത്തിന്റെ ചേരിയില്‍ നില്‌ക്കുന്നവര്‍ തന്നെ കൊണ്ടുപിടിച്ച ശ്രമം തുടങ്ങികഴിഞ്ഞു. അതിന്റെ `ടെസ്റ്റ്‌ ഡോസ്‌’ ആണു പാര്‍ട്ടി പത്രത്തിലെ ഉദ്യോഗസ്ഥനിലൂടെ ചാനല്‍ ചര്‍ച്ചയില്‍ മറനീക്കിയത്‌. പിണറായി വിജയനെ മാറ്റുകയാണ്‌ ഇന്നത്തെ പ്രതിസന്ധി പരിഹരിക്കാനുള്ള ഒറ്റമൂലി എന്ന തിരക്കഥ അണിയറയില്‍ രചിച്ചു കൊണ്ടിരിക്കുകയാണവര്‍.

ഒരു സ്വാഭാവികമാറ്റം കൊണ്ടു അവര്‍ തൃപ്‌തിപ്പെടാന്‍ ഇടയില്ല. സ്ഥാനഭ്രഷ്ടനായാല്‍ വീണ്ടും ഇടപെടലുകള്‍ നടത്തി അലോസരം ഉണ്ടാക്കാതിരിക്കണമെങ്കില്‍ ഇനി പറക്കാനാകാത്ത വിധം ചിറകരിഞ്ഞു നിര്‍ത്തണം. അതാണ്‌ കമ്മ്യൂണിസ്റ്റ്‌ ശൈലി.

സോവിയറ്റ്‌ കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടിയില്‍ ക്രുഷ്‌ചേവിന്റെ ആധിപത്യം ഉറപ്പിച്ച ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്‌ പോലെ, ഈ ഇരുപതാം കോണ്‍ഗ്രസ്സും ചരിത്രത്തില്‍ സ്ഥാനം നേടിക്കൂടെന്നില്ല. സ്റ്റാലിന്റെ മൃതദേഹം പോലും മാന്തിയെടുത്ത്‌ ചരിത്രത്തില്‍ നിന്നു തുടച്ചു നീക്കിയ നേതാവാണ്‌ ക്രുഷ്‌ചേവ്‌, ജീവിച്ചിരുന്ന സ്റ്റാലിനെക്കാള്‍ അപകടകാരിയാണ്‌ പൊതുദര്‍ശനത്തിനു വച്ചിരിക്കുന്ന സ്റ്റാലിന്റെ ജഡം എന്ന്‌ ക്രുഷ്‌ചേവ്‌ ഭയന്നു.

ഈ ഭയം സെക്രട്ടറിക്ക്‌ മൂന്ന്‌ തവണ കാലപരിധി നിശ്ചയിച്ചു കിട്ടിയതില്‍ ആഹ്ലാദിക്കുന്നവരെയും ചൂഴ്‌ന്നു നില്‍ക്കുന്നുണ്ട്‌. കേരള ഘടകത്തില്‍ ഇപ്പോള്‍ വ്യത്യസ്‌ത ധ്രുവങ്ങളില്‍ നിന്നു പോരടിക്കുന്നവര്‍ ശത്രുവിന്റെ ശത്രു മിത്രം എന്ന കടങ്കഥയിലെ കഥാപാത്രങ്ങളായി രംഗത്ത്‌ വന്നുകൂടെന്നില്ല. രാഷ്ട്രീയത്തില്‍ ഒന്നും അസംഭാവ്യമല്ല.

പാലക്കാട്‌ സംസ്ഥാനസമ്മേളനത്തില്‍ നിന്നു മലപ്പുറം സമ്മേളനം വരെയുള്ള ദൂരം അളന്നാല്‍ അതിനുള്ള ഉത്തരം കിട്ടും. പാലക്കാട്‌ തോളുരുമ്മി നിന്നു കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ അട്ടിമറിക്ക്‌ വാക്കത്തി രാകിയവര്‍ മലപ്പുറത്ത്‌ എത്തിയപ്പോള്‍ പരസ്‌പരം വെട്ടി വീഴ്‌ത്താന്‍ ആയുധങ്ങള്‍ രാകി മിനുക്കുന്നത്‌ കണ്ടതാണ്‌. പാലക്കാട്‌ സമ്മേളനം വരെ വി എസ്‌ അച്യുതാനന്ദനെക്കുറിച്ചു വടക്കന്‍ പാട്ടുകളിലെ പാണന്‍മാരെപോലെ സ്‌തുതിഗീതങ്ങള്‍ പാടി നടന്നവരാണ്‌ എം എ ബേബിയും ഡോ തോമസ്‌ ഐസ്സക്കും ഇ പി ജയരാജനും മറ്റും.

അവര്‍ക്കതെല്ലാംവിഴുങ്ങാന്‍ ഏറെ സമയം വേണ്ടിവന്നില്ല. ഇനി അടുത്ത ഇര പിണറായി വിജയനാവും എന്നതില്‍ സംശയമില്ല. അവരുടെ പൊരുന്നയിരുപ്പുകാലം കഴിയവെയാണ്‌ ഇരുപതാം കോണ്‍ഗ്രസ്‌ എത്തിയിരിക്കുന്നത്‌. അവരില്‍ ചിലര്‍ക്ക്‌ ഇനി തള്ള കോഴിയുടെ ചൂട്‌ വേണ്ട. ഇനി മുട്ടപൊളിച്ചു പുറത്തുവരണം.

സ്വതന്ത്ര വിഹായസ്സില്‍ വിഹരിക്കണം. എന്നാല്‍ അര്‍ദ്ധ രാത്രിക്ക്‌ സൂര്യന്‍ ഉദിച്ചു നില്‍ക്കുംപോലെ ഈ അഭിനവ പാണന്മാരുടെ എല്ലാ രഹസ്യവും അറിയുന്ന ആളാണ്‌ പിണറായി വിജയന്‍. ഒരു സൂചിമുന മതി ഊതിവീര്‍പ്പിച്ച ഈ ബലൂണുകളുടെ കാറ്റഴിച്ചു വിടാന്‍. അതാവും അദ്ദേഹത്തിന്റെ ആത്മധൈര്യം

അതേസമയം, പാര്‍ട്ടി പിടിച്ചെടുക്കല്‍ ആര്‍ക്കും പഴയ കാലത്തെ പോലെ ദുഷ്‌കരമല്ല. എ കെ ജി യുടെയോ, ഇ എം സി ന്റെ യോ സി എച്ച്‌ കണാരന്റെയോ ഇ കെ നായനാരുടെയോ കാലമല്ല ഇത്‌. അക്കാലങ്ങളില്‍ തൊഴിലാളിവര്‍ഗത്തിന്റെയും കര്‍ഷക -കര്‍ഷക തൊഴിലാളി വിഭാഗങ്ങളുടെയും പ്രാതിനിധ്യം പാര്‍ട്ടി നേതൃത്വത്തില്‍ അതിശക്തമായിരുന്നു. എന്നാല്‍ ഇന്നതല്ല സ്ഥിതി. വിദ്യാര്‍ത്ഥി യുവജന രംഗത്ത്‌ നിന്നു ഉയര്‍ന്നുവന്നവരുടെ കയ്യിലാണ്‌ പാര്‍ട്ടി. അവരെ സ്വാധീനിക്കാന്‍ എളുപ്പമാണ്‌. പണവും പങ്കുവച്ചു നല്‍കാന്‍ സ്ഥാനമാനങ്ങളും ഉണ്ടെങ്കില്‍ പാര്‍ട്ടി പിടിക്കാം.

പാലക്കാട്‌ സംസ്ഥാന സമ്മേളനം നല്‍കുന്ന നിഷേധാത്മക സന്ദേശം തന്നെ അതാണ്‌. പാലക്കാട്‌ എപ്പോള്‍ വേണമെങ്കിലും ഇനിയും ആവര്‍ത്തിക്കാം. കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലത്തെ പ്രവര്‍ത്തനത്തിലൂടെ പിണറായി വിജയന്‍ പ്രാവര്‍ത്തികമാക്കിയതും തൊഴിലാളിവര്‍ഗത്തെ നോക്കുകുത്തിയാക്കുന്നപ്രവര്‍ത്തന ശൈലിയായിരുന്നു.

ഒരു തൊഴിലാളി കുടുംബത്തില്‍ ബാല്യവും കൗമാരവും യൗവനവും ചെലവിട്ട പിണറായി വിജയന്റെ ജീവിതശൈലി കോര്‍പ്പറേറ്റ്‌ ഭീമന്മാരുടെ നടത്തിപ്പുകാര്‍ക്ക്‌ സമാനമായത്‌ മധ്യവയസ്സു പിന്നിട്ടപ്പോഴാണ്‌. പാര്‍ട്ടി കേരളത്തില്‍ പടുത്തുയര്‍ത്തിയ ത്യാഗിവര്യന്മാരുടെ ലളിത ജീവിത ശൈലി ഇന്നത്തെ കാലത്തിനു ചേര്‍ന്നതല്ലെന്നു പ്രഖ്യാപിച്ചു കൊണ്ടുള്ള മുന്നേറ്റമായിരുന്നു അദ്ദേഹത്തിന്റേത്‌. പാര്‍ട്ടി നേതൃത്വത്തിലേക്ക്‌ കടന്നുവന്ന യുവകേസരികള്‍ക്ക്‌ ഇത്‌ വസന്തകാലമായി. പക്ഷെ പാര്‍ട്ടി ഒപ്പം ഉണ്ട്‌, ജനങ്ങളില്ല എന്ന സ്ഥിതിയാണ്‌ അദ്ദേഹം നേരിടുന്ന പ്രശ്‌നം.

ഒരു തൊഴിലാളി കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന പിണറായി വിജയന്‍ സമൂഹത്തിലെ ഏറ്റവും ധനാഢ്യരുടെ ഉറ്റചങ്ങാതിയായി മാറിയതിനെ ഒരു റോള്‍ മോഡലാക്കിയിരിക്കുകയാണ്‌ പാര്‍ട്ടിയില്‍ ഏറ്റവും താഴെതട്ടിലുള്ള ഘടകങ്ങളിലെ സെക്രട്ടറിമാര്‍വരെ. മറ്റൊരു കാര്യത്തിലും അവര്‍ക്ക്‌ പിണറായി വിജയന്‍ റോള്‍മോഡലാണ്‌. പൊതുവേദികളില്‍ ആരെയും ഏറ്റവും നിന്ദ്യമായി ഭര്‍ത്സിക്കുന്നതില്‍. വിദ്യാര്‍ത്ഥി – യുവജന സംഘടനകളുടെ തലപ്പത്തുള്ളവരില്‍ ഇതൊരു പകര്‍ച്ചവ്യാധിപോലെ പടര്‍ന്നുപിടിച്ചിരിക്കുകയാണ്‌.

യന്ത്രമനുഷ്യന്‍

ജനസമൂഹമാകുന്ന ജലത്തില്‍ കഴിയുന്ന മത്സ്യങ്ങള്‍ പോലെയാണ്‌ കമ്മ്യൂണിസ്റ്റുകാര്‍ എന്ന നിര്‍വചനം പിണറായി വിജയന്‍ എന്ന സെക്രട്ടറിക്ക്‌ ഭൂഷണമേയല്ല. ഇതേവരെ സെക്രട്ടറി സ്ഥാനം വഹിച്ചിരുന്നവരില്‍ നിന്നും ഏറെ ഭിന്നമായ വ്യക്തിത്വമാണ്‌ പിണറായിയുടേത്‌. വിദ്യാര്‍ത്ഥി യുവജന സഹകാരി രംഗത്തുനിന്ന്‌ പാര്‍ട്ടിയുടെ പടവുകള്‍ അതിവേഗം ചവിട്ടി കയറി കടന്നുവന്നതുകൊണ്ടാകാം വര്‍ഗസംഘടനാ പ്രവര്‍ത്തനം പിണറായിവിജയന്‌ ബാലികേറാമലയായിരുന്നു.

തൊഴിലാളി വര്‍ഗത്തിന്റെയോ കര്‍ഷകരുടെയോ കര്‍ഷകത്തൊഴിലാളികളുടെയോ ദുര്‍ഘടമായ സംഘടനാ പ്രവര്‍ത്തന പാതയില്‍ പിണറായിയുടെ മുഖം ആരും ഒരിക്കലും കണ്ടിരിക്കില്ല. ദേശീയ സ്വാതന്ത്ര്യ പ്രക്ഷോഭത്തിലെ സജീവ പങ്കാളിത്തമോ വര്‍ഗസംഘടനാ പ്രവര്‍ത്തനാനുഭവ പശ്ചാത്തലമോ ഇല്ലാത്ത ഒരാള്‍ സെക്രട്ടറി പദത്തില്‍ എത്തുന്നത്‌ കേരളത്തില്‍ ആദ്യമായിരുന്നു. വര്‍ഗസംഘടനകളില്‍ പ്രവര്‍ത്തിച്ചതിന്റെ തീഷ്‌ണമായ അനുഭവങ്ങളുടെ അഭാവം പിണറായിയുടെ രാഷ്ട്രീയവും സംഘടനാപ്രവര്‍ത്തനശൈലിയും രൂപപ്പെടുത്തുന്നതിലും ഒരു പരിമിതിയായിട്ടുണ്ട്‌.

ഇതര കമ്മ്യുണിസ്റ്റ്‌ നേതാക്കളെ പോലെ ജനങ്ങളുടെ നാഡിമിടിപ്പ്‌ അറിയുകയും അതനുസരിച്ച്‌ ജനവികാരത്തിനു കീഴ്‌പ്പെടുകയും ചെയ്യുന്ന ആളുമല്ല പിണറായി. ഒരു കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടിക്ക്‌ എക്കാലവും അചിന്ത്യമായ, കെ കരുണാകരനുമായി തെരഞ്ഞെടുപ്പു സഖ്യ മുണ്ടാക്കുന്നതിലായാലും തീവ്രവാദ ബന്ധം ആരോപിക്കപ്പെടുന്ന മദനിയെ കൂട്ടുപിടിക്കുന്നതിലായാലും ജനങ്ങളുടെ നാഡിമിടിപ്പ്‌ എന്തെന്ന്‌ പരിശോധിക്കുന്ന `അബദ്ധം’ പിണറായിക്കു പിണഞ്ഞിട്ടില്ല.

ജനപ്രിയതയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന വി എസിന്‌ രണ്ട്‌ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥിത്വം നിഷ്‌കരുണം നിഷേധിക്കാന്‍ ധൈര്യപ്പെട്ടപ്പോഴും ജനങ്ങളുടെ വികാരം എന്തെന്ന്‌ ആലോചിച്ചു പിണറായിക്ക്‌ തലപുകക്കേണ്ടിവന്നിട്ടില്ല. 2006 ലെയും 2011 ലെയും നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബഹുജനങ്ങളുടെ മേല്‍ പാര്‍ട്ടിയുടെ അച്ചടക്കം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട ആളാണ്‌ പിണറായി വിജയന്‍.

സ്വന്തം ഗുരു കൂടിയായ ദാര്‍ശനികന്‍ എം എന്‍ വിജയന്റെ ആകസ്‌മികനിര്യാണത്തില്‍, മരിച്ചത്‌ “നല്ല അദ്ധ്യാപകന്‍” മാത്രം എന്ന വിശേഷണം ചാര്‍ത്തി ആ മൃതദേഹത്തോട്‌ പോലും കാട്ടിയ പകയും പിണറായിക്ക്‌ മാത്രം കഴിയുന്ന ഔദ്ധത്യമാണ്‌. തിരകള്‍ ഇളകുന്ന അറബിക്കടലിനെ സാക്ഷി നിര്‍ത്തി പൊതുജന മധ്യത്തില്‍ വച്ച്‌ വയോവൃദ്ധനായ വി എസിനെ മുന്നിലിരുത്തി “ബക്കറ്റിലെ തിരകളോട്‌” അദ്ദേഹത്തെ ഉപമിച്ചു മനസ്സിലെ പ്രതികാരദാഹം ശമിപ്പിക്കാന്‍ മുതിര്‍ന്ന പിണറായിയുടെ മനസ്സിന്റെ കടുപ്പവും സമാനതകളില്ലാത്തതാണ്‌.

തര്‍ക്കവിഷയങ്ങളില്‍ പരസ്‌പരം ബോധ്യപ്പെടുത്തി മുന്നോട്ടു പോകുന്ന മാര്‍ക്‌സിസ്റ്റ്‌ രീതി പിണറായിക്ക്‌ അന്യമാണ്‌. കമ്മ്യുണിസ്റ്റ്‌ നേതാക്കളില്‍ നിന്നു അണികള്‍ക്ക്‌ പ്രചോദനമായി പ്രസരിക്കാറുള്ള ആന്തരികമായ കാന്തശക്തി പിണറായിയില്‍ നിന്നു ആര്‍ക്കും പകര്‍ന്നു കിട്ടാറുമില്ല. ഒരുതരം യാന്ത്രികതയോട്‌ ചേര്‍ത്തുവയ്‌ക്കാവുന്നതാണ്‌ ആ പ്രവര്‍ത്തന ശൈലി. 

കേരളത്തിലെ സി പി ഐ എമ്മിന്റെ എണ്‍പതുകള്‍ക്കുശേഷമുള്ള വളര്‍ച്ചയില്‍ അസൂയാര്‍ഹമായ പങ്കു വഹിച്ചതാണ്‌ കേരളത്തിലെ ട്രേഡ്‌ യുണിയന്‍ പ്രസ്ഥാനം. പാര്‍ട്ടി രൂപം കൊണ്ടകാലം മുതല്‍ എന്ന്‌ തന്നെ പറയാം, സി ഐ റ്റി യു വിന്റെ പ്രസിഡന്റ്‌, ജനറല്‍ സെക്രട്ടറി എന്നിവരില്‍ ഒരാളൊ ഇരുവരുമോ സുപ്രധാനമായ പാര്‍ട്ടി സെക്രട്ടറിയറ്റില്‍ അംഗങ്ങളായിരുന്നു. എന്നാല്‍ ഇവര്‍ ഇരുവരെയും പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയറ്റില്‍ നിന്നു പുറത്ത്‌ നിര്‍ത്തി പിണറായി ചരിത്രം സൃഷ്ടിച്ചു.

മുതലാളിവര്‍ഗത്തെ അധികാര ഭ്രഷ്ടമാക്കി തൊഴിലാളിവര്‍ഗ ആധിപത്യം സ്ഥാപിക്കാനും ചൂഷണ രഹിതമായ സമൂഹം സൃഷ്ടിക്കാനും പടപൊരുതാന്‍ രൂപം കൊണ്ട കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടിയില്‍ തൊഴിലാളിവര്‍ഗത്തിന്റെ സമുന്നത നേതാക്കള്‍ക്ക്‌ നോക്കുകുത്തികളുടെ സ്ഥാനം മതി എന്ന നയം ഒരു തുള്ളി ചോര ചിന്താതെ അനായാസം നടപ്പിലാക്കുന്നതില്‍ ഗോര്‍ബച്ചേവിനെയും പിന്നിലാക്കി പിണറായി.

ഇ ബാലാനന്ദന്‍, സി കണ്ണന്‍, കെ എന്‍ രവീന്ദ്രനാഥ്‌ ഒ ഭരതന്‍ തുടങ്ങി കേരളത്തിലെ തൊഴിലാളിവര്‍ഗപ്രസ്ഥാനം കെട്ടിപടുത്തവരെല്ലാം ഈ കാലഘട്ടത്തില്‍ തഴയപ്പെട്ടതും ബഹിഷ്‌ക്രുതരോ അപമാനിതരോ ആയതും പിണറായിയുടെ നിഘണ്ടുവില്‍ നിന്നു തൊഴിലാളിവര്‍ഗരാഷ്ട്രീയം പിന്തള്ളപ്പെട്ടതുകൊണ്ടാകാം.

സാല്‍ക്കിയപ്ലീനത്തിന്റെ നിഷേധാത്മകവശം

അതേസമയം മികച്ച പാര്‍ലമന്റേറിയനും ഒന്നാംകിട സഹകാരിയും ഏത്‌ പ്രതിസന്ധിയും തലയെടുപ്പോടെ നേരിടാന്‍ പ്രാപ്‌തനും സമര്‍ഥനായ സംഘാടകനുമാണ്‌ പിണറായി എന്നതില്‍ തര്‍ക്കമില്ല. ലക്ഷ്യമിടുന്ന പദ്ധതികളെല്ലാം ലക്ഷ്യത്തിലെത്തിക്കുന്നതിലും പിണറായിയുടെ നിശ്ചയദാര്‍ഢ്യം അസൂയാര്‍ഹമാണ്‌.

ഇത്രയേറെ സമര്‍ത്ഥനായ ഒരു നേതാവിന്റെ സേവനം കേരളത്തിലെ പാര്‍ട്ടിക്ക്‌ ഇന്നത്തെ തോതില്‍ നഷ്ടപ്പെടുക എന്നതു അചിന്ത്യം തന്നെ. കേരള ഘടകത്തില്‍ ഉരുണ്ടുകൂടികിടക്കുന്ന കാര്‍മേഘങ്ങള്‍ക്കും മൂര്‍ച്ഛിച്ചു നില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ക്കും നയവ്യതിയാനങ്ങള്‍ക്കും ഉത്തരവാദി പിണറായി വിജയന്‍ മാത്രമാണ്‌ എന്ന്‌ ആരോപിക്കുന്നത്‌ അദ്ദേഹത്തോടു കാട്ടുന്ന കടുത്ത അനീതിയുമാവും. പാര്‍ട്ടിക്ക്‌ മൊത്തത്തില്‍ സംഭവിച്ച വന്‍ അപചയത്തിന്റെ ഭാഗം മാത്രമാണ്‌ പിണറായി വിജയന്റെ വീഴ്‌ചകള്‍. അദ്ദേഹത്തിന്റെ ഏകാധിപത്യ ശൈലി കൂടുതല്‍ സംഭാവന ചെയ്‌തുവെന്ന്‌ മാത്രം.

ഈ അപചയത്തിന്റെ വേരുകള്‍ ചെന്നെത്തി നില്‍ക്കുന്നത്‌ 1978 ലെ സാല്‍ക്കിയാ പ്ലീനത്തിലാണ്‌ എന്ന്‌ ചരിത്രം സൂക്ഷ്‌മമായി നിരീക്ഷിക്കുന്നവര്‍ക്ക്‌ കാണാനാകും. കോണ്‍ഗ്രസിനെയോ ബി ജെ പി യെയോ പോലെ ആവിര്‍ഭവിച്ച പാര്‍ട്ടിയല്ല സി പി ഐ എം. ലോക കമ്മ്യുണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ ഭാഗമായി ആവിര്‍ഭവിച്ചതാണ്‌ ഇന്ത്യയിലെ കമ്മ്യുണിസ്റ്റ്‌ പ്രസ്ഥാനം. ഇന്ത്യന്‍ സാഹചര്യത്തില്‍ എങ്ങിനെയാണ്‌ പാര്‍ട്ടിയുടെ അടിത്തറ വിപുലപ്പെടുത്തേണ്ടതെന്നു കൂലങ്കഷമായി ചര്‍ച്ച നടത്തി പരിപാടി ആസൂത്രണം ചെയ്‌താണ്‌ സി പി ഐ എം ഇന്നത്തെ നിലയിലെത്തിയത്‌. പാര്‍ട്ടിയുടെ സംഘടനാ പ്രവര്‍ത്തനത്തില്‍ അടിമുടി മാറ്റം വേണമെന്ന്‌ 1977 ല്‍ ജലന്ധറില്‍ ചേര്‍ന്ന പാര്‍ട്ടി കോണ്‍ഗ്രസ്‌ തീരുമാനിച്ചിരുന്നു.

1978 ഡിസംബറില്‍ കൊല്‍ക്കത്തയില്‍ ചേര്‍ന്ന പാര്‍ട്ടി പ്ലീനമാണ്‌ സി പി ഐ എമ്മിനെ പുതിയ ഒരു സരണിയിലേക്ക്‌ നയിച്ചത്‌. പാര്‍ട്ടിയെ ഒരു ബഹുജന വിപ്ലവ പാര്‍ട്ടിയാക്കി പുനഃസംഘടിപ്പിക്കണമെന്നു ആ പ്ലീനത്തിലാണ്‌ തീരുമാനിച്ചത്‌. എന്നാല്‍ ഇത്‌ പാര്‍ട്ടിയുടെ വിപ്ലവസ്വഭാവം നശിപ്പിക്കുമെന്ന്‌ പ്ലീനത്തില്‍ ഒരു ന്യുനപക്ഷ വിഭാഗം വാദിച്ചെങ്കിലും അത്‌ സ്വീകരിക്കപ്പെട്ടില്ല.

പാര്‍ട്ടിക്ക്‌ പുറത്തുള്ള ജനലക്ഷങ്ങളെ പാര്‍ട്ടിയിലേക്ക്‌ ആകര്‍ഷിക്കത്തക്കവിധം ബഹുജനസംഘടനകളെ അടിയന്തിരമായി ശക്തിപ്പെടുത്തുക എന്ന തീരുമാനത്തോടെയാണ്‌ സാല്‍ക്കിയാ പ്ലീനം പിരിഞ്ഞത്‌. ബഹുജനസംഘടനകളെ പാര്‍ട്ടിയുടെ പോഷക സംഘടനകള്‍ എന്ന നിലയ്‌ക്കല്ലാതെ അതാതു വിഭാഗത്തിന്റെ അവകാശങ്ങള്‍ക്ക്‌ വേണ്ടി പൊരുതുന്ന സംഘടനകള്‍ എന്ന നിലയ്‌ക്ക്‌ സ്വതന്ത്ര സ്വഭാവത്തില്‍ വിശാല അടിസ്ഥാനത്തില്‍ പുനഃസൃഷ്ടിക്കുക എന്ന കാഴ്‌ചപ്പാടാണ്‌ സാല്‍ക്കിയാ പ്ലീനം കൈക്കൊണ്ടത്‌.

എന്നാല്‍ പലസംസ്ഥാനങ്ങളിലും ഈ മാറ്റം പ്രായോഗികമാക്കാന്‍ വൈകി. കേരളത്തിലാകട്ടെ ഇ എം എസ്സിന്റെ നിര്‍ബന്ധ ബുദ്ധികാരണം ഈ പ്രക്രിയക്കു എണ്‍പതുകളോടെ ആക്കം കൂടി. ഇത്‌ പ്രായോഗികമാക്കിയതിന്റെ ഏറ്റവും വലിയ നേട്ടം ട്രേഡ്‌ യുണിയന്‍ രംഗത്തായിരുന്നു കണ്ടത്‌. 
സി ഐ റ്റി യു വില്‍ നിന്നു അകന്നു നിന്നിരുന്ന വെള്ള കോളര്‍കാര്‍ അടക്കമുള്ള ആയിരക്കണക്കിന്‌ ജീവനക്കാര്‍ സി ഐ റ്റി യു ആഭിമുഖ്യമുള്ള സംഘടനകളില്‍ പുതുതായി അംഗങ്ങളായി.

ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയറ്റില്‍ പോലും എണ്‍പതുകളുടെ മദ്ധ്യം വരെ വളരെ ന്യുനപക്ഷമായിരുന്ന ഇടതുപക്ഷ സംഘടന പുതിയ സമീപനത്തെ തുടര്‍ന്ന്‌ മെല്ലെ മെല്ലെ ശക്തിപ്പെട്ടു. സര്‍വീസ്‌ മേഖലയിലും അധ്യാപകര്‍ക്കിടയിലും സി ഐ റ്റി യു വിനോട്‌ ആഭിമുഖ്യമുള്ള സംഘടനകള്‍ അജയ്യ ശക്തിയായി. കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനങ്ങളായ കെ എസ്‌ ആര്‍ ടി സി, വൈദ്യുതി ബോര്‍ഡ്‌ എന്നിവയില്‍ ഹിതപരിശോധനയില്‍ തൊഴിലാളികളുടെ ഏറ്റവും വലിയ സംഘടന എന്ന നിലയില്‍ ഉയര്‍ന്നു.

രാഷ്ട്രീയമായി ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്നവരല്ലെങ്കിലും ട്രേഡ്‌ യുണിയന്‍ രംഗത്ത്‌ സി ഐ റ്റി യു വിന്റെ നേതൃത്വം സ്വീകരിക്കാന്‍ ആയിരക്കണക്കിന്‌ തൊഴിലാളികളും ജീവനക്കാരും മുന്നോട്ടുവന്നു. സാല്‍ക്കിയ പ്ലീനത്തിന്റെ അലയടിച്ചപ്പോള്‍ സ്‌കൂള്‍ തലം മുതല്‍ എസ്‌ എഫ്‌ ഐ യുടെ ജൈത്രയാത്ര ആരംഭിച്ചു. സ്‌കൂള്‍, കോളജ്‌ തെരഞ്ഞെടുപ്പുകളില്‍ അതുവരെ അടക്കിഭരിച്ചിരുന്ന കെ എസ്‌ യു വിനെ പുറന്തള്ളി മുഴുവന്‍ വിദ്യാര്‍ഥികളുടെയും നേതൃസ്ഥാനം എസ്‌ എഫ്‌ ഐ നേടിയെടുത്തു. യുവാക്കളുടെ രംഗത്ത്‌ യൂത്ത്‌ കോണ്‍ഗ്രസ്സിന്റെമേല്‍ ഡി വൈ എഫ്‌ ഐ ആധിപത്യം ഉറപ്പിച്ചു.

എന്നാല്‍ കാര്‍ഷിക മേഖലയിലെ സംഘടനകളില്‍ ഇതിനു സമാനമായ മുന്നേറ്റം ഉണ്ടായില്ല. കാര്‍ഷികവൃത്തിയില്‍ ഉണ്ടായ തിരിച്ചടിയും ഇതിനു കാരണമായിരിക്കാം. ഇങ്ങിനെ വിപുലപ്പെട്ട സ്വാധീനം പാര്‍ട്ടിയിലും പ്രതിഫലിച്ചു. ബഹുജന സംഘടനകള്‍ വളരുന്ന തോതില്‍ പാര്‍ട്ടിയിലേക്കും പുതിയ പ്രവര്‍ത്തകര്‍ ആകര്‍ഷിക്കപ്പെട്ടു. ഇത്‌ ഇടതുപക്ഷത്തിന്റെ മൊത്തം ശക്തി വര്‍ദ്ധിക്കാനും സഹായകമായി. ഉദാഹരണത്തിന്‌ സാല്‍ക്കിയ പ്ലീനം നടന്ന 1978 ല്‍ സി പി ഐ എമ്മിന്റെ അംഗങ്ങളുടെ എണ്ണം 1,61,000 ആയിരുന്നത്‌ ഒരു വ്യാഴവട്ടം കഴിഞ്ഞപ്പോള്‍ (1991 പതിനാലാം കോണ്‍ഗ്രസ്സില്‍) 5,79,000 ആയി ഉയര്‍ന്നു.

ഇപ്പോള്‍ അത്‌ പത്തുലക്ഷത്തോളമാണ്‌. പാര്‍ട്ടിയുമായി ബന്ധപ്പെട്ട ബഹുജനസംഘടനകളുടെ അംഗബലം ഇതേ കാലയളവില്‍ 48 ലക്ഷമായിരുന്നത്‌ 287 ലക്ഷമായി വളര്‍ന്നു. മൊത്തം വോട്ടിന്റെ കണക്കിലും ഇത്‌ പ്രതിഫലിച്ചു. 1977 ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ മൊത്തം കിട്ടിയ വോട്ട്‌ 81 ലക്ഷമായിരുന്നത്‌ 1998 ലെ പൊതു തെരഞ്ഞെടുപ്പില്‍ 197 ലക്ഷമായിവര്‍ദ്ധിച്ചു. ഇപ്പോള്‍ ഏറ്റവുമൊടുവിലത്തെ ലോക്‌ സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടു 2,22,19111 ആണ്‌. എന്നാല്‍ ഇത്‌ അതിന്റെ ക്രിയാത്മക വശം ഇതിനു ഒരു നിഷേധാത്മക വശം കൂടി ഉണ്ട്‌.

അത്‌, സാല്‍ക്കിയാ പ്ലീനത്തില്‍, ബഹുജന വിപ്ലവ പാര്‍ട്ടിയാകാനുള്ള തീരുമാനത്തെ എതിര്‍ത്ത ന്യുനപക്ഷം ഉയര്‍ത്തിയ ആശങ്കയും കാലം അതേപടി ശരിവച്ചു എന്നതാണ്‌. ബഹുജന വിപ്ലവ പാര്‍ട്ടിയാകുന്നതോടെ പാര്‍ട്ടിയുടെ വിപ്ലവസ്വഭാവത്തില്‍ ഇടിവ്‌ സംഭവിക്കുമെന്നായിരുന്നു ന്യുനപക്ഷ വിഭാഗം പ്ലീനത്തില്‍ ആശങ്ക പ്രകടിപ്പിച്ചത്‌. മൂന്ന്‌ പതിറ്റാണ്ട്‌ കഴിഞ്ഞു പിന്തിരിഞ്ഞു നോക്കുമ്പോള്‍ ജാഗ്രതകുറവു കാരണം പാര്‍ട്ടിയില്‍ അത്‌ തന്നെ സംഭവിച്ചു എന്ന്‌ സസൂക്ഷ്‌മം ചരിത്രം പരിശോധിക്കുന്നവര്‍ക്ക്‌ കാണാനാകും.

ആ വിടവ്‌ തിരിച്ചറിയാനും സി പി ഐ എമ്മിനു കഴിഞ്ഞു എന്നതും ശ്രദ്ധേയമാണ്‌. സാല്‍ക്കിയാ പ്ലീനത്തിനു ശേഷമുള്ള പാര്‍ട്ടി സംഘടനയിലെ ദൗര്‍ബല്യങ്ങള്‍ വിലയിരുത്തി1992 ജനുവരിയില്‍ മദിരാശിയില്‍ ചേര്‍ന്ന പതിനാലാം കോണ്‍ഗ്രസ്‌ ഇപ്രകാരം മുന്നറിയിപ്പ്‌ നല്‍കി: “അംഗസംഖ്യയുടെ കാര്യത്തില്‍ വന്‍ വര്‍ദ്ധന ഉണ്ടാക്കാന്‍ പാര്‍ട്ടിക്ക്‌ കഴിഞ്ഞിട്ടുണ്ടെങ്കിലും അംഗങ്ങളുടെ ഗുണ നിലവാരത്തിനു വേണ്ടത്ര ഊന്നല്‍ കൊടുക്കാന്‍ നമുക്ക്‌ കഴിഞ്ഞിട്ടില്ല.

പാര്‍ട്ടി അംഗങ്ങളുടെ ഗുണ നിലവാരത്തിന്റെ കാര്യത്തില്‍ പൊതുവില്‍ ഒരു ഇടിവ്‌ സംഭവിച്ചതായി കാണുന്നു.എണ്ണത്തിന്‌ തുല്യമായ ഊന്നല്‍ പാര്‍ട്ടിയുടെ വിപ്ലവസ്വഭാവത്തിനു നാം നല്‍കേണ്ടതാണ്‌.” ഈ സ്വയം വിമര്‍ശനം പതിനാറാം കോണ്‍ഗ്രസ്സിലും ഉയര്‍ന്നു. ഇരുപതാം കോണ്‍ഗ്രസ്സില്‍ എത്തുമ്പോള്‍ അത്‌ കൂടുതല്‍ ഗുരുതരാവസ്ഥയിലായി. പാര്‍ട്ടിയുടെയും ബഹുജന സംഘടനകളുടെയും അംഗബലം പതിന്മടങ്ങാക്കാന്‍ കാട്ടിയ ആവേശം ഗുണ നിലവാരം ഉയര്‍ത്തുന്നതില്‍ കാണിച്ചില്ല എന്നര്‍ത്ഥം.

ഇത്തരത്തില്‍ ഗുണനിലവാരം കുറഞ്ഞ സഖാക്കളാണ്‌ പിണറായി വിജയനോട്‌ വിധേയത്വം പ്രകടിപ്പിച്ച്‌ കിട്ടാവുന്ന സ്ഥാനമാനങ്ങള്‍ കൈക്കലാക്കികൊണ്ടിരിക്കുന്നത്‌. ഇതില്‍ ഒരു ശുദ്ധീകരണം ആര്‍ സെക്രട്ടറിയായാലും സാധാരണനിലയില്‍ സാദ്ധ്യമല്ല.

ഇന്നത്തെ പാര്‍ട്ടി അംഗങ്ങളില്‍ 70 % ലേറെയും സമീപകാലത്ത്‌ പാര്‍ട്ടിയില്‍ ചേര്‍ന്നവരാണ്‌. അവരില്‍ ഭൂരിഭാഗവും സ്ഥാനമാനങ്ങള്‍ നേടാനും മറ്റു ബൂര്‍ഷ്വാ പാര്‍ട്ടി പ്രവര്‍ത്തകരെപോലെ ആഡംബര ജിവിതം നയിക്കാനും ഏതറ്റം വരെയും പോകുന്നവരാണ്‌. ഇത്‌ മൂലം നിസ്വാര്‍ത്ഥരായ അംഗങ്ങള്‍ വന്‍തോതില്‍ കൊഴിഞ്ഞു പോകുകയാണ്‌. പ്രതീക്ഷിച്ച സ്ഥാനമാനങ്ങള്‍ കിട്ടാത്തതിന്റെ പേരിലും കൊഴിഞ്ഞുപോക്ക്‌ സംഭവിക്കുന്നുണ്ട്‌.

അതുകൊണ്ടാണ്‌ ഇരുപതാം കോണ്‍ഗ്രസ്‌ നടക്കുന്നതിന്റെ മുന്നോടിയായുള്ള ബ്രാഞ്ച്‌ സമ്മേളനങ്ങള്‍ നടത്തേണ്ടതില്ലെന്നു സി പി ഐ എം ബംഗാള്‍ ഘടകം തീരുമാനിച്ചത്‌. എന്തെന്നാല്‍ വലിയൊരുഭാഗം ബ്രാഞ്ച്‌ അംഗങ്ങള്‍ തൃണമുല്‍ കോണ്‍ഗ്രസ്സില്‍ അഭയം തേടി. ലോക്കല്‍ സമ്മേളനങ്ങളാകട്ടെ 70 % വും റദ്ദാക്കിയിരിക്കുകയാണ്‌. സി പി ഐ എം ദീര്‍ഘകാലം അധികാരത്തില്‍ ഇരുന്നതിന്റെ പച്ചയില്‍ പാര്‍ട്ടിയില്‍ കയറികൂടിയവരാണു ഇപ്പോള്‍ പാര്‍ട്ടിയെ ഉപേക്ഷിച്ചത്‌.

പാര്‍ട്ടി അംഗങ്ങളുടെ ബോധനിലവാരം പൊതുവില്‍ ഉയര്‍ന്നു നില്‍ക്കുന്ന സംസ്ഥാനമായി വിലയിരുത്തിയ ബംഗാളിലെ ഇന്നത്തെ ദുഃസ്ഥിതി സങ്കല്‍പ്പിക്കാവുന്നതിനും അപ്പുറമാണ്‌; ദുഃഖകരമാണ്‌. ട്രേഡ്‌ യുണിയന്‍, എസ്‌ എഫ്‌ ഐ എന്നീ രംഗങ്ങളില്‍ നിന്നു രാഷ്ട്രീയ എതിരാളികളായ തൃണമുല്‍ കോണ്‍ഗ്രസ്സിലേക്ക്‌ അഭൂതപൂര്‍വമായ കുത്തൊഴുക്കാണ്‌. ഇതെല്ലാം ഭരണപക്ഷത്തിന്റെ അക്രമം മൂലമാണെന്ന്‌ ബംഗാളിന്‌ പുറത്തു പ്രചരണം നടത്താമെങ്കിലും അവിടെ അത്‌ വിലപ്പോകില്ല.

സി പി ഐ എം ന്റെ സിറ്റിംഗ്‌ നിയമസഭാ അംഗം മരിച്ച ഒഴിവിലെ ഉപതെരെഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ ചുമപ്പില്‍ കുളിച്ചു നില്‍ക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ്‌ വോട്ടെടുപ്പ്‌ നടന്ന ദിവസ്സം താഴിട്ടു പൂട്ടി ശവപറമ്പ്‌ പോലെ കിടക്കുന്ന ചിത്രം ടെലഗ്രാഫ്‌ പത്രം പ്രസിദ്ധീകരിച്ചിരുന്നത്‌ ഇതിന്റെ വാചാലമായ തെളിവാണ്‌. ബംഗാളില്‍ ഇടതുപക്ഷം സമീപകാലത്ത്‌ അധികാരത്തില്‍ തിരിച്ചു വരുന്നെങ്കില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അതൊരു മഹാത്ഭുതമാകും.

വിപ്ലവാടിത്തറ ബലപ്പെടുന്നില്ല

സെക്രട്ടറിക്ക്‌ കാലപരിധി നിശ്ചയിച്ചു കൊണ്ടുള്ള തീരുമാനത്തിലൂടെ പാര്‍ട്ടിയെ ബാധിച്ചിരിക്കുന്ന സംഘടനാ ദൂഷ്യങ്ങള്‍ക്ക്‌ അറുതി വരുമെന്ന്‌ കണക്കുകൂട്ടിയാല്‍ തെറ്റി. പാര്‍ട്ടിയെ ബാധിച്ച സംഘടനാ വ്യതിയാനങ്ങള്‍ക്ക്‌ പരിഹാരമായി മുന്‍ കാലങ്ങളില്‍ എടുത്ത തീരുമാനങ്ങള്‍ക്കൊന്നും പാര്‍ട്ടിയുടെ വിപ്ലവാടിത്തറ ബലപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല.

എന്നുമാത്രമല്ല കൂടുതല്‍ ദുര്‍ബലപ്പെടുത്തുകയാണ്‌ ഉണ്ടായത്‌. ഇളക്കി പ്രതിഷ്‌ഠ കൊണ്ടു പരിഹൃതമാകുന്ന വിഷയങ്ങള്‍ അല്ല പാര്‍ട്ടിയില്‍ നിലനില്‌ക്കുന്നത്‌ കാലപരിധി മൂന്ന്‌ വട്ടമാക്കണമെന്ന തീരുമാനത്തെസ്വാഗതം ചെയ്‌തവര്‍ വിശേഷിപ്പിക്കുന്നത്‌, പാര്‍ട്ടി കാലോചിതമായി മാറുന്നു എന്നാണ്‌. കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടിയും മാറ്റത്തിന്‌ വിധേയമാകണമെന്ന ആവശ്യം പാര്‍ട്ടിയുടെ ശത്രുക്കളായ ബുദ്ധിജീവികള്‍ ഏറെക്കാലമായി ഉയര്‍ത്തുന്ന ആവശ്യമാണ്‌. ഇത്‌ മാത്രമല്ല വര്‍ഗസമരത്തിലധിഷ്‌ഠിതമായ കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടികളുടെ പ്രപഞ്ച വീക്ഷണവും വര്‍ഗവീക്ഷണവും ആകെ മാറണം എന്നതാണ്‌ അവരുടെ ആവശ്യം. ഇത്‌ പ്രാവര്‍ത്തികമാക്കിയതിന്റെ ദുരന്തമാണ്‌ ബംഗാളില്‍ കണ്ടത്‌. 

മാര്‍ക്‌സിസ്റ്റ്‌ -ലെനിനിസ്റ്റ്‌ പാര്‍ട്ടിയിലെ ജനാധിപത്യപരമായ കേന്ദ്രീകരണം, വിമര്‍ശനസ്വയം വിമര്‍ശനങ്ങള്‍, തെറ്റുതിരുത്തല്‍ പ്രക്രിയകള്‍, പാര്‍ലമന്ററി വ്യാമോഹത്തില്‍ നിന്നുള്ള മോചനംതുടങ്ങിയ പദാവലികളെല്ലാം എല്ലാ മാര്‍ക്‌സിസ്റ്റുകാരും ചര്‍വിതചര്‍വണം ചെയ്യുന്നതാണ്‌. ഇവയ്‌ക്കെല്ലാം മാര്‍ക്‌സിസം ലെനിനിസമനുസരിച്ചു ആശയപരമായ ഓരോരോ ഉള്ളടക്കം കൂടിയുണ്ട്‌. അത്‌ ഉള്‍ക്കൊള്ളാതെയാണ്‌ അവ ഉദ്‌ഘോഷിക്കപ്പെടുന്നത്‌.

പാര്‍ട്ടിയുടെ വിപ്ലവകരമായ ആശയഗതി കൂടുതല്‍ ഉറപ്പിക്കാനാണ്‌ പലപ്പോഴും കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടികള്‍ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുന്നത്‌. കുറ്റമറ്റ വിപ്ലവ പാര്‍ട്ടിയായി രൂപം പ്രാപിക്കാനാണിത്‌. എന്നാല്‍ അവ അതിന്റെ സ്‌പിരിറ്റില്‍ തന്നെ പ്രയോഗികമാക്കുന്നതില്‍ ജാഗ്രത ഉണ്ടാകുന്നില്ല. അത്‌ കൊണ്ടാണ്‌ ദാര്‍ശനികനായ എം എന്‍ വിജയന്‍ പ്രവചനസമാനമായ ഉള്‍ക്കാഴ്‌ചയോടെ ഈ പാര്‍ട്ടി നശിക്കുകയാണെന്ന്‌ മനംനൊന്തു പറഞ്ഞുവച്ചത്‌.

അത്‌ പാര്‍ട്ടിയിലെ പഴയതലമുറക്കാര്‍ അതേപടി ഇന്ന്‌ ശരിവക്കുന്നു. ഒരു പിണറായി വിജയനെ കടപുഴക്കിയത്‌ കൊണ്ടുമാത്രം അതിനു പരിഹാരമാകില്ല. ഏറിയാല്‍ കമ്മ്യൂണിസ്റ്റുകാര്‍ ഒത്തുകൂടുന്നിടങ്ങളില്‍ ആ പ്രഖ്യാപനം വരുമ്പോള്‍ നിലയ്‌ക്കാത്ത ഹര്‍ഷാരവം മുഴങ്ങിയേക്കാം. ക്രുഷ്‌ചേവിനെ 1964 ഒക്ടോബറില്‍ പാര്‍ട്ടി തലവന്റെ കസേരയില്‍ നിന്നു കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടി തന്ത്രപൂര്‍വ്വം സ്ഥാനഭ്രഷ്ടനാക്കിയ ആകസ്‌മിക വാര്‍ത്തകേള്‍ക്കെ ആലപ്പുഴയില്‍ ചേര്‍ന്നുകൊണ്ടിരുന്ന പ്രഥമ സി പി ഐ എം രൂപികരണ സംസ്ഥാനതല ആലോചനായോഗത്തില്‍ പങ്കെടുത്തവര്‍ അത്യാവേശംകൊണ്ട്‌ 15 മിനിറ്റ്‌ നീണ്ടു നിന്ന ഹര്‍ഷാരവം മുഴക്കിയപോലെ. ഇന്ത്യയില്‍ റിവിഷനിസത്തിനെതിരായ പോരാട്ടത്തിന്റെ വെടിപൊട്ടാനിരിക്കെയാണ്‌ ക്രൂഷ്‌ചേവിനെ പുറന്തള്ളിയ വാര്‍ത്ത ആലപ്പുഴയിലെത്തിയത്‌.

ഈ ഹര്‍ഷാരവത്തിന്റെ വാര്‍ത്ത മാതൃഭൂമി പത്രം വളരെ പ്രാധാന്യത്തോടെ അന്ന്‌ മാതൃഭൂമി റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. ജനങ്ങളുടെ നാഡിമിടിപ്പ്‌ തിരിച്ചറിയാത്ത പിണറായി വിജയനും അത്തരമൊരു നീണ്ട ഹര്‍ഷാരവം ചരിത്രം കരുതിവച്ചിട്ടുണ്ടോ? കാതോര്‍ക്കുക.

(ജി.ശക്തിധരന്‍ ജനശക്തി വാരികയില്‍ എഴുതിയ ലേഖനം)


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!