മോഹന്‍ലാലിനെതിരെ ഡി.വൈ.എഫ്.ഐ

സൂപ്പര്‍താരം മോഹന്‍ലാലിനെതിരെ ഡി.വൈ.എഫ്.ഐയുടെ രൂക്ഷവിമര്‍ശനം. പരസ്യചിത്രങ്ങൡ അഭിനയിച്ചതിന്റെ പേരിലാണ് മുഖമാസികയായ യുവധാരയിലൂടെ മോഹന്‍ലാലിനെ വിമര്‍ശിച്ചിരിക്കുന്നത്.

സംസ്ഥാന സെക്രട്ടേറിയറ്റംഗവും പാലക്കാട് ജില്ലാ പ്രസിഡന്റുമായ കെ.ജയദേവന്‍ സ്വര്‍ണഭ്രമത്തിന്റെ രാഷ്ട്രീയമാനങ്ങള്‍ എന്ന പേരില്‍ എഴുതിയ ലേഖനത്തിലാണ് താരത്തിനെതിരെ വിമര്‍ശനങ്ങള്‍ അഴിച്ചുവിട്ടിരിക്കുന്നത്. ഫേസ് ബുക്കിലൂടേയും മറ്റും പ്രചരിച്ച തമാശകള്‍ ഉള്‍പ്പെടുത്തി നടത്തിയിരിക്കുന്ന വിമര്‍ശനം സ്വര്‍ണഭ്രമത്തിനെതിരായ നിലപാടുകളുടെ പേരിലാണ്. കൈരളി ചാനല്‍ ചെയര്‍മാന്‍ കൂടിയായ മമ്മൂട്ടിയെയും നടന്‍ ജയറാമിനേയും പരോക്ഷമായി ലേഖനം വിമര്‍ശിക്കുന്നുണ്ട്.

കേരളത്തില്‍ സ്വര്‍ണത്തോടുള്ള ആര്‍ത്തി അനുദിനം വര്‍ധിച്ചുവരുന്നതായി ലേഖനം പറയുന്നു. 1990ല്‍ സംസ്ഥാനത്തു രജിസ്റ്റര്‍ ചെയ്ത സ്വര്‍ണക്കടകളുടെ എണ്ണം 1,100 ആയിരുന്നു. 2008ല്‍ ഇത് നാലായിരം ആയി. രജിസ്റ്റര്‍ ചെയ്യാത്ത ഏഴായിരം കടകള്‍ വേറെയുമുണ്ട്. സ്വര്‍ണക്കടകളില്‍ കാണുന്നതിനു സമാനമായ തിരക്ക് ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ മാത്രമാണു ദൃശ്യമാകുന്നതെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.

ഇതിന്റെ തുടര്‍ച്ചയായി താരങ്ങളുടെ പങ്കിനെ സംബന്ധിച്ചു ലേഖനം പറയുന്നതിങ്ങനെ:

യുക്തിരഹിതമായ സ്വര്‍ണഭ്രമം സൃഷ്ടിക്കുന്നതില്‍ നമ്മുടെ മാധ്യമങ്ങളും സിനിമാതാരങ്ങളും സ്വര്‍ണമുതലാളിമാരും ചേര്‍ന്ന അച്ചുതണ്ട് ഗൂഢമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. പരസ്യപ്പണം മാധ്യമങ്ങളെ എല്ലായെപ്പോഴും നിശബ്ദരാക്കാറുണ്ട്. മുഖ്യധാരാ മാധ്യമങ്ങളെ സ്വര്‍ണമുതലാളിമാര്‍ നിശബ്ദരാക്കിയെന്നു മാത്രമല്ല, അക്ഷരതൃഥീയ പോലുള്ള അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കാന്‍ മത്സരിപ്പിക്കുകയും ചെയ്തു.

സാമൂഹിക പ്രതിബദ്ധതയോടെ മലബാര്‍ ഗോള്‍ഡില്‍ നിന്നും സ്വര്‍ണം വാങ്ങാനാണ് നടന്‍ മോഹന്‍ ലാല്‍ രാവിലെ ഉപദേശിക്കുന്നത്. പണത്തിനു ബുദ്ധിമുട്ടുവരുമ്പോള്‍ സ്വര്‍ണം വീട്ടില്‍വെച്ചു തെണ്ടിനടക്കേണ്ടെന്നും മണപ്പുറം ഫിനാന്‍സില്‍ പോയി പണയം വെക്കാനുമാണ് ഒരു മണി വാര്‍ത്തക്കു മുന്‍പുള്ള ഉപദേശം. സ്വര്‍ണം പണയം വെച്ചു പണം നിങ്ങളുടെ പോക്കറ്റിലായി എന്നുറപ്പായാല്‍ അഞ്ച് മണിയോടെ അദ്ദേഹം ചോദിക്കും. വൈകിട്ടെന്താ പരിപാടി?

നാം കൂട്ടുകാര്‍ ചേര്‍ന്ന് പന്തുകളിക്കാന്‍ പോകുന്നുണ്ടോ എന്നല്ല ആ ചോദ്യത്തിനര്‍ഥം. മറിച്ച് മക്‌ഡോവല്‍സിന്റെ ഒഴിയാത്ത കുപ്പികള്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ട് എന്നാണ്. അയുക്തികളില്‍ വട്ടംകറങ്ങുന്ന മലയാളി പൊതുബോധത്തിന്റെ മാത്രമല്ല, മുരടിപ്പിലൂടെ കടന്നുപോകുന്ന കേരളീയ സമ്പദ് വ്യവസ്ഥയുടെ കൂടി നഖചിത്രമാണ് മുകളില്‍ പറഞ്ഞ പരസ്യചക്രം.

മമ്മൂട്ടിക്കും മോഹന്‍ലാലിനും ജയറാമിനും മറ്റും പത്മഅവാര്‍ഡുകളും ലെഫ്റ്റനന്റ് കേണല്‍ പദവികളും മറ്റുകിരീടങ്ങളും ചാര്‍ത്തിക്കിട്ടേണ്ടത് വന്‍കിട മുതലാളിമാരുടെ ആവശ്യങ്ങളായി തീര്‍ന്നത് അവരുടെ ജനപ്രീതിയെ എങ്ങിനെ വില്‍പ്പനക്കു വെക്കാമെന്നു മുതലാളി കണ്ടെത്തിയതുകൊണ്ടാണ്.

സംസ്‌കാരങ്ങളുടേയും ജീവിതമൂല്യങ്ങളുടേയും അംബാസിഡര്‍മാരാകേണ്ട താരങ്ങള്‍ മഞ്ഞലോഹ ആസക്തിയുടെ അംബാസര്‍മാരായി അധപതിക്കുന്ന കാഴ്ച അങ്ങേയറ്റം ലജ്ജാകരമാണെന്നും ലേഖനം പറയുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!