കേരളം മിനിമം കൂലി 500 സമരത്തിലേക്ക്

  • മൂന്നാര്‍ സമരാവേശം മറ്റു മേഖലകളിലേക്കും വ്യാപിക്കുന്നു

  •  ട്രേഡ് യൂണിയനുകള്‍ നിലനില്‍പ്പ് സമരത്തിന്

  • തോട്ടം മേഖലയില്‍ പാക്കേജ് നടപ്പാക്കി സമരം തീര്‍ക്കാര്‍ സര്‍ക്കാര്‍

  • മൂന്നാറില്‍ പെമ്പിളൈ ഒരുമൈ സ്വന്തം നിലയ്ക്ക് സമരം പ്രഖ്യാപിച്ചു

 

തിരുവനന്തപുരം: കേരളത്തില്‍ ട്രേഡ് യൂണിയനുകള്‍ നിലനില്‍പ്പ് സമരത്തിന് തയാറെടുക്കുന്നു. തൊഴിലാളിക്ക് മിനിമം കൂലി 500 രൂപ നല്‍കണമെന്ന ആവശ്യമുയര്‍ത്തി അണികളെ ഒപ്പം നിര്‍ത്താനും പ്രവര്‍ത്തനമേഖലകളിലെ സ്വാധീനം നഷ്ടപ്പെടാതെ നോക്കാനുള്ള നെട്ടോട്ടം ട്രേഡ് യൂണിയനുകള്‍ തുടങ്ങുന്നു.

മൂന്നാര്‍ സമരം നല്‍കിയ പാഠത്തിന്റെ പശ്ചാത്തലത്തിലാണ് യൂണിയനുകള്‍ ഒണരുന്നത്. തൊഴിലാളികള്‍ യൂണിയനുകളെ തള്ളിപ്പറഞ്ഞ് സ്വയം സംഘടിക്കുന്നത് മറ്റു മേഖലകളിലേക്കും വ്യാപിപ്പിക്കുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം. കെ.എസ്.ആര്‍.ടി.സി അടക്കമുള്ള പല സ്ഥാപനങ്ങളിലേക്കും മൂന്നാര്‍ സ്ത്രീ തൊഴിലാളികളുടെ സമരാവേശം വ്യാപിച്ചു കഴിഞ്ഞു. ഈ സാഹചര്യം പരമാവധി മുതലെടുക്കുകയാണ് ലക്ഷ്യം.

പുതിയ ആശയം ഉയര്‍ത്തിക്കാട്ടി കൂട്ടായ സമരത്തിനുള്ള സാധ്യതകള്‍ ഇടത് തൊഴിലാളി സംഘടനകള്‍ പരസ്പരം ആരാഞ്ഞു തുടങ്ങി. അതിനിടെ, മൂന്നാറില്‍ സംയുക്ത സമരസമിതിയുടെ സമരത്തിനൊപ്പം നില്‍ക്കാതെ, 500 രൂപ കൂലി ആവശ്യപ്പെട്ട് വേറെ സമരം തുടങ്ങാന്‍ പെമ്പിളൈ ഒരുമൈ തീരുമാനിച്ചു. രാപകല്‍ സമരവുമായി മുന്നോട്ടുപോകാനാണ് പെമ്പിളൈ ഒരുമൈ നേതാക്കളുടെ തീരുമാനം.

സര്‍ക്കാര്‍ നിര്‍ദേശിച്ച പ്രകാരം ഇന്നുലെ വരെ കാത്തുവെന്നും അനുകൂല തീരുമാനമുണ്ടാകാത്തതു കൊണ്ടാണ് സമരവുമായി മുന്നോട്ടു പോകുന്നതെന്നും നേതാക്കള്‍ വ്യക്തമാക്കി. റോഡുപരോധം അടക്കമുള്ള സമരമുറകള്‍ ആദ്യഘട്ടത്തിലില്ലെന്നും സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയാറായാല്‍ സഹകരിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി. അതേസമയം, ശമ്പള പ്രശ്‌നം സംസ്ഥാന വ്യാപകമായി വ്യാപിക്കുന്നത് മനസിലാക്കി സര്‍ക്കാര്‍ തൊഴിലാളി സംഘടനകളെ ചര്‍ച്ചയ്ക്കു വിളിച്ചിട്ടുണ്ട്.

തോട്ടം മേഖലയില്‍ വേതനവര്‍ദ്ധന നടപ്പാക്കാനാകില്ലെന്ന് ഉടമകളുടെ അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. ശമ്പളം കൂട്ടി നല്‍കുന്നതിനു പകരമായി അവര്‍ മുന്നോട്ടു വച്ച നികുതി ഇളവ് അടക്കമുള്ള ആവശ്യങ്ങളില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. ഇരുകൂട്ടര്‍ക്കും സ്വീകാര്യമായ രീതിയില്‍ പാക്കേജ് കൊണ്ടുവന്ന് എത്രയും വേഗം മൂന്നാര്‍ തൊഴില്‍ തര്‍ക്കം അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!