വിപണിയില്‍ വിലക്കയറ്റം, ജി.എസ്.ടി വന്ന് ആഴ്ചകള്‍ കഴിയുമ്പോഴും ഒന്നും ശരിയാകുന്നില്ല, 120 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്

തിരുവനന്തപുരം: ഹോട്ടലുകളില്‍ കുപ്പിവെള്ളത്തിന് തീവെട്ടിക്കൊള്ള, വിപണിയില്‍ പച്ചക്കറിക്കും പലവ്യഞ്ജനത്തിനും വില മുകളിലേക്ക് തുടരുന്നു, മരുന്നു വിപണിയില്‍ അടിയന്തര ആവശ്യങ്ങള്‍ക്കുള്ളവയ്ക്കുപോലും ക്ഷാമം, എന്തിന് മൊബൈല്‍ ഫോണ്‍ റീ ചാര്‍ജിംഗ് പോലും സാധാരണക്കാരന് അനുകൂലമായിട്ടില്ല…. ജി.എസ്.ടി. നടപ്പാക്കി ആഴ്ചകള്‍ കഴിഞ്ഞിട്ടും കാര്യങ്ങള്‍ ജനത്തിന് അനുകൂലമാകുന്നില്ല.

ഹോട്ടലുകളില്‍ ഭക്ഷണ സാധനത്തിന് വില കുറഞ്ഞിട്ടില്ല. 20 രൂപ വില്‍പ്പന വിലയുള്ള കുപ്പിവെള്ളത്തിനു 30 രൂപയും 50 രൂപയും ഈടാക്കുന്ന തട്ടിപ്പ് പല സ്ഥലങ്ങളിലും അരങ്ങേറുന്നു. കോഴി ഇറച്ചിക്ക് വില കുറയുന്നില്ലെന്നു മാത്രമല്ല, കേരളത്തിലെ ഫാമുകള്‍ക്ക് കുഞ്ഞങ്ങളെപ്പോലും തമിഴ്‌നാട് ലോബി നല്‍കുന്നില്ല. 55-75 രൂപയ്ക്ക് കുഞ്ഞുങ്ങളെ വാങ്ങി വളര്‍ത്തിയാല്‍ നഷ്ടത്തിലേ വില്‍ക്കാനാകൂവെന്നതിനാല്‍ പലരും കോഴി വളര്‍ത്തല്‍ കേന്ദ്രങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്.

തമിഴ്‌നാട്ടില്‍ നിന്നുള്ള വരവ് കുറഞ്ഞതോടെ പച്ചക്കറി വില കുതിച്ചുയരുകയാണ്. അരിയുമായി വരുന്ന പല വാഹനങ്ങളും സാങ്കേതിക കാരണങ്ങളാല്‍ പല സ്ഥലങ്ങളിലും പിടിച്ചിട്ടിരിക്കുകയാണ്. മൊത്തത്തില്‍ കര്‍ക്കിടക മാസത്തില്‍ മലയാളികള്‍ ശരിക്കും വെള്ളം കുടിക്കുകയാണ്.

ലീഗല്‍ മെട്രോളജി വകുപ്പിലെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ നിയമലംഘനം നടത്തിയ 120 വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തു. അടൂരിലെയും ഇടുക്കിയിലെയും ഹോട്ടലുകളില്‍ 20 രൂപ എം.ആര്‍.പി രേഖപ്പെടുത്തിയ കുപ്പി വെളളത്തിന് 30 രൂപ വില ഈടാക്കിയതിന് കേസ് എടുത്തു. സ്‌പെയര്‍ പാര്‍ട്ട്‌സുകള്‍ക്ക് എം.ആര്‍.പിയേക്കാള്‍ കൂടുതല്‍ വില ഈടാക്കിയതിനും പായ്ക്കറ്റിലെ വില തിരുത്തുന്നതിനും നടപടിയെടുത്തു.

193 സ്ഥാപനങ്ങള്‍ പരിശോധന നടന്നു. പായ്ക്കറ്റിന് പുറത്ത് നിയമാനുസൃത രേഖപ്പെടുത്തലുകള്‍ ഇല്ലാത്തതിന് 59 ഉം, രേഖപ്പെടുത്തിയ വിലയില്‍ കൂടുതല്‍ ഈടാക്കിയതിന് നാലും, വില തിരുത്തിയതിന് 4 ഉം ഉള്‍പ്പെടെ് 120 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. 1,30,000 രൂപ പിഴ ഈടാക്കി. പിഴ അടയ്ക്കാത്തവര്‍ക്കെതിരെ തുടര്‍ നടപടി ആരംഭിച്ചു.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!