ജി.എസ്.ടി: വില കുറയുമെന്ന് സര്‍ക്കാരുകള്‍, എവിടെ കുറഞ്ഞെന്ന് ചോദിച്ച് ജനം

ജി.എസ്.ടി: വില കുറയുമെന്ന് സര്‍ക്കാരുകള്‍, എവിടെ കുറഞ്ഞെന്ന് ചോദിച്ച് ജനം

കൊച്ചി/തിരുവനന്തപുരം: വില കൂട്ടാനാണെങ്കില്‍ റെഡി. പക്ഷേ കുറയ്ക്കുന്ന കാര്യം പറയരുന്ന നിലയിലാണ് കാര്യങ്ങള്‍. ജി.എസ്.ടിയെന്നല്ല, എന്തു നടപ്പിലാക്കിയാലും വില കുറയ്ക്കാതിരിക്കാന്‍ ഓരോ കാരണങ്ങളുണ്ടാകും.
രാജ്യത്ത് ജി.എസ്.ടി. നിലവില്‍ വന്ന് ആഴ്ച ഒന്നു പിന്നിടുമ്പോഴും വിപണിയില്‍ സാധാരണക്കാര്‍ നഷ്ടം സഹിക്കുകയായാണ്. പുതിയ സാധനങ്ങള്‍ ഉല്‍പ്പാദകര്‍ എത്തിച്ചു തുടങ്ങിയിട്ടില്ല. മൊത്ത വിതരണക്കാരോ ചില്ലറ വില്‍പ്പനക്കാരോ ജി.എസ്.ടിയുടെ പേരില്‍ വില കുറയ്ക്കാന്‍ തയാറുമല്ല.
കോഴി ഇറച്ചിയുടെ നികുതി ഒഴിവാക്കിയതോടെ വില കുറയുമെന്ന് കരുതിയപ്പോള്‍ കുറയുന്നതിനു പകരം കൂടി. ഇതിനെ ശക്തമായ താക്കീത് ചെയ്ത, സംസ്ഥാന ധനമന്ത്രിയെ വെല്ലുവിളിച്ച് സ്വന്തം പാര്‍ട്ടിയുടെ അനുകൂല സംഘടന തന്നെ രംഗത്തെത്തി. ഞായറാഴ്ച യോഗം കൂടുന്ന കോഴി ഇറച്ചി വില്‍പ്പനക്കാര്‍ സമരം പ്രഖ്യാപിക്കാനൊരുങ്ങുകയാണ്.
കണക്കു പ്രകാരം വില കുറയേണ്ട ഹോട്ടല്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ ഒന്നും സംഭവിക്കില്ലെന്ന് ഏറെകുറെ വ്യക്തമായി. വില കുറയ്ക്കാമെന്ന് ഹോട്ടല്‍ ഉടമകള്‍ സമ്മതിച്ചുവെന്ന് പറഞ്ഞ മന്ത്രിതന്നെ ഇപ്പോള്‍ കണക്കുകള്‍ തിരുത്തുകയാണ്. ഹോട്ടലുടമകള്‍ സമരം പ്രഖ്യാപിച്ചു കഴിഞ്ഞു.
തീര്‍ന്നില്ല, ചില്ലറ വില്‍പ്പന സ്ഥാപനങ്ങളിലേക്ക് പുതിയ സ്‌റ്റോക്ക് എത്തുന്നില്ല. മൊബൈല്‍ റീചര്‍ജിംഗ് മുതല്‍ പല മേഖലകളിലെയും സ്ഥാപനങ്ങള്‍ നിശ്ചലമായി തുടങ്ങി. പുതുക്കിയ വില നിശ്ചയിക്കുന്നതില്‍ കമ്പനികള്‍ വരുത്തിയിരിക്കുന്ന കാലതാമസം താഴെ തട്ടിലെ പ്രതിഫലിച്ചു തുടങ്ങിയിരിക്കുകയാണ്.
കൈവശമുള്ള സ്‌റ്റോക്കുകളാകട്ടെ, മിക്കവരും വില്‍ക്കുന്നത് പുതുതായി ജി.എസ്.ടി കൂടി ചേര്‍ത്തും. സേവന മേഖലയില്‍, എ.ടി.എം ചാര്‍ജുകളിലടക്കം മിക്കതിലും നിരക്ക് കൂടി. വില കുറയുമെന്ന് ഇപ്പോഴും ആവര്‍ത്തിക്കുന്ന സര്‍ക്കാരുകള്‍ ഇക്കാര്യം പ്രായോഗികതലത്തില്‍ ജനത്തിന് ലഭ്യമാക്കാന്‍ വൈകുന്നത് പ്രതിസന്ധി രൂക്ഷമാക്കുകയാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!